ബീജാപുരില്‍ ഏഴ് മാവോവാദികളെ സുരക്ഷാ സേന വധിച്ചു;ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാസേനാംഗങ്ങള്‍ വീരമൃത്യുവരിച്ചു.

ബീജാപുര്‍: ഛത്തീസ്ഗഡിലെ ബീജാപുരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികളെ സുരക്ഷാ സേന വധിച്ചു.ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാസേനാംഗങ്ങള്‍ വീരമൃത്യുവരിച്ചു.മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് അംഗങ്ങളാണ് മരിച്ചത്.ഒരു ജവാന് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ബീജാപുര്‍- ദന്ദേവാഡ ജില്ലകളുടെ അതിര്‍ത്തി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.ഛത്തീസ്ഗഡ് പോലീസിന്റെ ഭാഗമായ ഡിസ്ട്രിക റിസര്‍വ് ഗാര്‍ഡ്,മാവോവാദി ഓപ്പറേഷനുവേണ്ടിയുള്ള സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്,സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡൊകള്‍ എന്നിവരുടെ സംയുക്ത സംഘമാണ് മാവോവാദികളെ നേരിട്ടത്.ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വദാദി,കോണ്‍സ്റ്റബിള്‍ ദുകാരു ഗോണ്ടെ എന്നിവരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചത്.

ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലം മാവോവാദികളുടെ ശക്തികേന്ദ്രമായിരുന്ന ബസ്തര്‍ ഡിവിഷനിലുള്‍പ്പെടുന്ന പ്രദേശമാണ്.കൂടുതല്‍ മാവോവാദികള്‍ ഉണ്ടായിരിക്കാമെന്ന സംശയത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *