തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും.ഇതിന് ശേഷമായിരിക്കും മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി ഉണ്ടാകുക.
ബുധനാഴ്ച ഒന്നര മണിക്കൂറിലേറെ നേരമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച തെളിവുകള്‍ കോടതി പരിശോധിച്ചു.ഇതിന് ശേഷം കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് അനുമതി ചോദിച്ചു. ഇത് കോടതി അനുവദിച്ചു.
കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന് രാഹുലിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.ബലാത്സംഗവും ഗര്‍ഭഛിദ്രവും ഒഴികെപരാതിക്കാരി ഉന്നയിച്ച എല്ലാ കാര്യങ്ങളും രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ അംഗീകരിച്ചു. പെണ്‍കുട്ടിയുമായി പരിചയമുണ്ട്. പ്രണയബന്ധമുണ്ടായിരുന്നു.പെണ്‍കുട്ടി പറഞ്ഞതുപോലെ ഫ്ലാറ്റില്‍ എത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ചെയ്തിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്.
ഉഭയസമ്മതപ്രകാരമാണ് യുവതിയുമായി ബന്ധമുണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ഇക്കാലത്ത് യുവതി വിവാഹിതയായിരുന്നു. ഗര്‍ഭംധരിച്ചത് ഭര്‍ത്താവില്‍നിന്നാണെന്നും രാഹുല്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. പെന്‍ഡ്രൈവുകളും വീഡിയോകളും അടക്കമുള്ള തെളിവുകളും കോടതിയില്‍ ഹാജരാക്കി.ശാസ്തമംഗലം അജിത് കുമാറാണ് രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയില്‍ ഹാജരായത്.
തെളിവുകള്‍ നിരത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചത്. ബലാത്സംഗം നടന്നു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന് മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തു. ബലാത്സംഗം നടന്നതിനും ഗര്‍ഭഛിദ്രം നടത്തി എന്നതിനും തെളിവുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു

