കൊല്‍ക്കത്ത: ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗര്‍ഭിണിയെയും എട്ടുവയസുള്ള മകനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇവരെ തിരിച്ചെത്തിക്കാമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. 26കാരിയായ സുനാലി ഖാത്തൂന്,മകന് സാബിര്‍ എന്നിവരെയാണ് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്.
‘ഞങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്താന്‍ എന്ത് കുറ്റമാണ് ഞങ്ങള്‍ ചെയ്തത്. എനിക്ക് ഇനി അധികം സമയമില്ല.ഒമ്ബത് മാസം ഗര്‍ഭിണിയാണ് ഞാന്‍ …നിങ്ങളോട് ഞാന്‍ കൈകൂപ്പി യാചിക്കുന്നു.എനിക്ക് എന്റെ രാജ്യത്തേക്ക് മടങ്ങണം..’ സുനാലി ഖാത്തൂന് ദി വയറിനോട് പറഞ്ഞു.
സുനാലി, ഭര്‍ത്താവ് ഡാനിഷ് ഷെയ്ഖ്,മകന് സാബിര്‍, സ്വീറ്റി ബീബി, മക്കളായ കുര്‍ബന്‍ ഷെയ്ഖ്, ഇമാന് എന്നിവരെ നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് ആഗസ്റ്റ് 20 മുതല്‍ തടങ്കലില്‍ വച്ചിരുന്നു. ബംഗ്ലാദേശിലെ ചപ്പായ് നവാബ്ഗഞ്ചിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡിസംബര്‍ ഒന്നിന് സുനാലി ഖാത്തൂണ്‍, സ്വീറ്റി ബീബി, ഭര്‍ത്താവ് ഡാനിഷ് ഷെയ്ഖ് എന്നിവര്‍ക്ക് 5000 രൂപ വീതം ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. സുനാലിയുടെ പിതാവ് ഭാദു ഷെയ്ഖ് നല്കിയ ഹരജിയില്‍ ഇവരെ തിരിച്ചെത്തിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.ഇതിനെതിരെ കേന്ദ്രം സുപ്രിം കോടതിയില്‍ ഹരജി നല്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ജനന സര്‍ട്ടിഫിക്കറ്റുകളും, ബന്ധുക്കളോടൊപ്പം താമസിച്ചതിന്റെ തെളിവുകളടക്കമുള്ള മതിയായ രേഖകളുണ്ടായിട്ടും അവരുടെ വാദം കേള്‍ക്കാതെ നാടുകടത്തിയതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. സുനാലിയുടെ മാതാപിതാക്കളുടെ പേരുകള്‍ 2002 ലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു.1952 ലെ ഭൂമി രേഖകളടക്കം ധാരാളം തെളിവുകളും ബെഞ്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തു. നിയമവിരുദ്ധമായി പ്രവേശിപ്പിച്ചവരെ നാടുകടത്താമെങ്കിലും ആ വ്യക്തി ഇന്ത്യന്‍ പൗരനല്ലെന്ന് അധികാരികള്‍ ആദ്യം ഉറപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയില്‍ ജനിച്ചു, ഇവിടെ വളര്‍ന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരുടെ ഭാഗവും കേള്‍ക്കണം,’ ബെഞ്ച് പറഞ്ഞു. ഗര്‍ഭിണിയായ യുവതിയുടെ കാര്യത്തില്‍, മാനുഷിക പരിഗണ നല്‍കണമെന്നും കോടതി ചോദിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഗര്‍ഭിണിയെ തിരിച്ച് നാട്ടിലെത്തിക്കാമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്.
അതേസമയം,ഗര്‍ഭിണിയായ യുവതിയെ പരിപാലിക്കാനും എല്ലാ വൈദ്യസഹായങ്ങളും നല്‍കാനും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബംഗാളിലെ ബിര്‍ഭം ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫീസറോട് സ്ത്രീക്ക് സൗജന്യ പ്രസവച്ചെലവ് ഉള്‍പ്പെടെ പൂര്‍ണ്ണ വൈദ്യസഹായം നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്.
ആക്രി പെറുക്കിയും വീട്ടുജോലി ചെയ്തും രണ്ട് പതിറ്റാണ്ടായി ഡല്‍ഹിയില്‍ താമസിക്കുന്നവരായിരുന്നു സുനാലി ഖാത്തൂനും ഡാനിഷ് ഷെയ്ക്കും. ജൂണ്‍ 18 ന് ബംഗ്ലാദേശി പൗരന്മാരാണെന്ന് സംശയിച്ച് ഡല്‍ഹിയിലെ കട്ജു നഗര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.”ഞങ്ങള്‍ക്ക് 1952 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്, ഇവിടെയാണ് മരിക്കുക. ബംഗ്ലാദേശി എന്ന ടാഗില്‍ നമ്മള് എന്തിന് ജീവിക്കണം? എന്റെ മകള്‍ ഇവിടെ തന്നെ പ്രസവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബംഗാളി സംസാരിക്കുന്നതുകൊണ്ട് മാത്രം ഞങ്ങള്‍ ഈ അപമാനത്തിന് ഇരയായി. ഇനി ഒരിക്കലും ഞാന്‍ സുനാലിയെ ഡല്‍ഹിയിലേക്ക് അയയ്ക്കില്ല.’ സുനാലിയുടെ പിതാവ് ഭാദു ഷെയ്ഖ് പറഞ്ഞു:
എന്നാല്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന അവരുടെ അവകാശവാദത്തെ എതിര്‍ക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയില്‍ വാദിച്ചു.അവര്‍ ബംഗ്ലാദേശ് പൗരന്മാരാണെന്നും കേന്ദ്രസര്‍ക്കാര്‍ യുവതിയെയും മകനെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ അനുവദിച്ചത് മാനുഷികമായ കാരണങ്ങളാല്‍ മാത്രമാണെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
ഭാദു ഷെയ്ഖ് മകളാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ അവരുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ അത് മതിയാകുമെന്ന് ജസ്റ്റിസ് ബാഗ്ചിയും പറഞ്ഞു.വാദം കേള്‍ക്കുന്നതിനായി സുപ്രിം കോടതി കേസ് ഡിസംബര്‍ 10 ന് മാറ്റിയിട്ടുണ്ട്

