സൈബര്‍ തട്ടിപ്പ്; പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ ഡോക്ടര്‍ ദമ്പതിമാര്‍ രക്ഷപ്പെട്ടു

കണ്ണൂര്‍ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വിഡിയോ കോള്‍ ചെയ്ത് ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് പണം തട്ടാനുള്ള നീക്കം കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസിന്റെ തക്ക സമയത്തെ ഇടപെടല്‍ കൊണ്ട് പരാജയപ്പെടുത്തി.കണ്ണൂര്‍ സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാരുടെ ഫോണിലേയ്ക്ക് വിളിച്ച് ട്രായ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചപ്പെടുത്തി, ഡോക്ടര്‍ ദമ്പതികളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റം നടന്നിട്ടുണ്ടെന്നും നീയമപരമായ അന്വേഷണം നേരിടണമെന്നും ആവശ്യപ്പെടുകയായിരുന്നു. നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വിഡിയോ കോളില്‍ വരണമെന്ന് ആവശ്യപ്പെട്ടു. വീഡിയോ കോളില്‍ എത്തിയപ്പോള്‍ എതിര്‍ വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നാണ് പരിചയപ്പെടുത്തിയത്.തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *