ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ മേഖലകളില്‍ ഒന്നായ ഹെബ്ബാള്‍ ജംഗ്ഷനും മേഖ്രി സര്‍ക്കിളിനും ഇടയിലുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമേകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം.ഇരട്ട തുരങ്ക പാതയും എലിവേറ്റഡ് കോറിഡോറും അടങ്ങുന്ന 2215 കോടിയുടെ പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റി നല്‍കുന്ന ഈ പാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഹെബ്ബാള്‍ ഫ്ളൈ ഓവറിനും മേഖ്രി സര്‍ക്കിളിനും ഇടയിലുള്ള ഭാഗത്തായിരിക്കും ചെറിയ ദൂരത്തിലുള്ള ഇരട്ട തുരങ്ക പാതയും എലിവേറ്റഡ് ഇടനാഴിയും നിര്‍മ്മിക്കുക.
പദ്ധതി പ്രദേശത്തിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. അതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് 25 കോടിയായി പരിമിതപ്പെടുത്താന്‍ കഴിയും. നഗരസഭാ അധികാരികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഉപ മുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയും ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയും ചേര്‍ന്നായിരിക്കും പദ്ധതി നടപ്പാക്കുക. നിലവിലുള്ള റോഡുകള്‍ വികസിപ്പിക്കാന്‍ ഇവിടെ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തലിലാണ് ഇരട്ട തുരങ്കപാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള സങ്കീര്‍ണതകളും കണക്കിലെടുത്താണ് 2024-25 ബജറ്റില്‍ എലിവേറ്റഡ് കോറിഡോര്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പദ്ധതി നിര്‍മാണം പ്രഖ്യാപിച്ചത്.
മേഖ്രി സര്‍ക്കിളിലെ ബെല്ലാരി റോഡിന്റെ മധ്യഭാഗത്ത് വാഹനഗതാഗതത്തെ തടസ്സപ്പെടുത്താത്ത രീതിയിലായിരിക്കും അടിപ്പാത നിര്‍മ്മിക്കുന്നത്. ഇതുകൂടാതെ ജികെവികെ (ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രം) വെറ്ററിനറി കോളജ് ക്യാമ്പസില്‍ ഒരു ഭൂഗര്‍ഭ പാതയും ഹെബ്ബാള്‍ തടാകത്തിന്റെ ഇരുവശങ്ങളിലും റോഡ് നിര്‍മ്മിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മേഖലകളില്‍ സ്വകാര്യ ഭൂമി അധികം ഏറ്റെടുക്കേണ്ട സാഹചര്യമില്ലാത്തതാണ് പദ്ധതിക്ക് അനുകൂലമായ ഘടകം?
ഹെബ്ബാള്‍ ഫ്ളൈ ഓവര്‍ ജംഗ്ഷന്‍ മുതല്‍ ജികെവികെ ക്യാമ്ബസ് വരെ എല്ലാ വാഹനങ്ങള്‍ക്കും തടസങ്ങളില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഹ്രസ്വദൂര അണ്ടര്‍ഗ്രൗണ്ട് അണ്ടര്‍ പാസ് നിര്‍മ്മിക്കുന്നതിന് ട്രാഫിക് പോലീസും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
പദ്ധതി ആസൂത്രണം ചെയ്ത പ്രദേശങ്ങളെല്ലാം സര്‍ക്കാരിന്റെ കീഴിലുള്ള ഭൂമിയായതിനാല്‍ ഭൂമി ഏറ്റെടുക്കലിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കഴിയും. ഗതാഗതക്കുരുക്ക് അഴിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒരു സ്വകാര്യ കണ്‍സള്‍ട്ടന്റിനെ നിയമിച്ചിരുന്നു. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഗതാഗതക്കുരുക്ക് അഴിക്കാന്‍ ഏറ്റവും അനുയോജ്യം നഗരത്തെ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന തുരങ്ക റോഡുകളും ഫ്ളൈ ഓവറുകളുമാണെന്ന് നിര്‍ദേശിച്ചിരുന്നു.

