ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കുള്ള സ്ഥിരം വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും സമവായത്തില്‍ എത്താന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം.
ചൊവ്വാഴ്ചയോടെ വിസിമാരുടെ നിയമനത്തില്‍ ഇരു കൂട്ടരും സമവായത്തിലെത്തിയില്ലെങ്കില്‍ കോടതി ഇടപെട്ട് നിയമനം നടത്തുമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, പി.ബി.വരാലെ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ കഴിയുന്നിടത്തോളം കോടതിയുടെ ഇടപെടല്‍ ഒഴിവാക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച വിഷയം വീണ്ടും പരിഗണിക്കും
വൈസ് ചാന്‍സിലറായി നിയമിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ച ഡോ. സിസ തോമസിനെ എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായും പരിഗണന പട്ടികയില്‍ നാലാമതുള്ള ഡോ. പ്രിയ ചന്ദ്രനെ കേരള ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായും നിര്‍ദേശിക്കുന്നുവെന്ന് ഇന്നലെ വൈകുന്നേരം ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ സമവായത്തിലെത്തണമെന്ന നിര്‍ദേശം സുപ്രീംകോടതി മുന്നോട്ടു വച്ചത്.
മുഖ്യമന്ത്രി സ്വീകാര്യമല്ലെന്ന് പറഞ്ഞ പേര് മാത്രമാണ് ചാസിലര്‍ കൂടിയായ ഗവര്‍ണര്‍ പരിഗണിച്ചതെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. സേര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച രണ്ടു പട്ടികയിലും ഉള്‍പ്പെട്ടവരെ വൈസ് ചാന്‍സിലറായി നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഗവര്‍ണര്‍ക്കു വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണിയും വ്യക്തമാക്കി.

