കോപ്പന്‍ഹേഗന്‍: കത്തുകള്‍ വിതരണം ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഡെന്‍മാര്‍ക്ക് മാറുന്നു. അടുത്ത വര്‍ഷം ഡിസംബര്‍ 30ന്, കത്തുകള്‍ ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും പൂര്‍ണ്ണമായി അവസാനിപ്പിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഡെന്‍മാര്‍ക്ക് മാറും. ഈ തീരുമാനം 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ കത്തുകളുടെ എണ്ണത്തില്‍ 90 ശതമാനത്തിലധികം കുറവുണ്ടായതാണ് ഈ നിര്‍ണായക തീരുമാനത്തിന് പിന്നില്‍. 2024ല്‍ മാത്രം കത്തുകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തപാല്‍ സേവനമായ പോസ്റ്റ്നോര്‍ഡ് (PostNord) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പരമ്പരാഗത പേപ്പര്‍ കത്തിടപാടുകള്‍ക്ക് പകരം ഇമെയിലുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍, സോഷ്യല്‍ നെറ്റ്് വര്‍ക്കുകള്‍ എന്നിവയിലേക്കുള്ള മാറ്റം ആഗോളതലത്തില്‍ വര്‍ധിക്കുന്നതിന്റെ പ്രതിഫലനമായാണ് ഡെന്‍മാര്‍ക്കിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഒരു സാധാരണ കത്ത് അയക്കുന്നതിനുള്ള ചെലവ് 29 ക്രോണര്‍ (ഏകദേശം 4.50 യൂറോ) ആയി ഉയര്‍ന്നതും കത്തുകളുടെ ആകര്‍ഷണീയത കുറച്ചു. തപാല്‍ കമ്പനികള്‍ അവരുടെ സേവനങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കണമെന്ന പൊതു ബാധ്യത (Univer-sal Service Obligation) നിര്‍ത്തലാക്കുന്ന ഒരു നിയമം ഡെന്‍മാര്‍ക്ക് നേരത്തെ പാസാക്കിയിരുന്നു. ഇതോടൊപ്പം, തപാല്‍ സേവനങ്ങളെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്ന ആനുകൂല്യവും എടുത്തുമാറ്റി.
കൂടാതെ, കോവിഡ്-19 മഹാമാരിയുടെ സമയത്തെ ലോക്ക്ഡൗണുകള്‍ ആളുകള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ആശയവിനിമയം നടത്താന്‍ കാരണമായതോടെ ഈ മാറ്റത്തിന് വേഗത കൂടുകയും ചെയ്തു. കത്തുകളുടെ എണ്ണം കുറയുമ്പോള്‍ തന്നെ, ഓണ്‍ലൈന്‍ റീട്ടെയില്‍ മേഖലയില്‍ ഉണ്ടായ കുതിച്ചുചാട്ടം കാരണം അയച്ച പാഴ്‌സലുകളുടെ എണ്ണം അതിവേഗം വളരുകയാണ്. 2022-ല്‍ ലോകമെമ്പാടും 161 ബില്യന്‍ പാഴ്‌സലുകളാണ് അയച്ചത്. 2027 ഓടെ ഈ എണ്ണം 256 ബില്യനായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

