ജോലി സമയം കഴിഞ്ഞുള്ള കോളും ഇമെയിലും വേണ്ട’റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ 2025′ ലോക്സഭയില്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വര്‍ക്ക് ലൈഫ് ബാലന്‍സ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ 2025’ ലോക്സഭയില്‍ അവതരിപ്പിച്ചു. എന്‍സിപി എംപി സുപ്രിയ സുലെ സ്വകാര്യ ബില്ലായാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.നിയമനിര്‍മ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ക്ക് സ്വകാര്യ ബില്‍ അവതരിപ്പി ക്കാവുന്നതാണ്.എന്നിരുന്നാലും ഇത്തരത്തിലുള്ള സ്വകാര്യബില്ലുകള്‍ സര്‍ക്കാരിന്റെ പ്രതികരണത്തിന് ശേഷം പിന്‍വലിക്കുകയാണ് പതിവ്.ജോലി സംബന്ധമായ ഇലക്ട്രോണിക് ആശയവിനിമയങ്ങളില്‍ നിന്ന് വിച്ഛേദിക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും ബില്‍ നല്‍കുന്നു.

ഇന്നത്തെ ഡിജിറ്റല്‍ സംസ്‌കാരം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ട് മെച്ചപ്പെട്ട ജീവിത നിലവാരവും ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയും (വര്‍ക്ക് ലൈഫ് ബാലന്‍സ്) വളര്‍ത്തിയെടുക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സുപ്രിയ എക്സില്‍ എഴുതി.ഡിജിറ്റല്‍,ആശയവിനിമയ സാങ്കേതികവിദ്യകള്‍ ജോലിയില്‍ സൗകര്യവും അയവും നല്‍കുമ്പോള്‍ തന്നെ,അത് ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്നതില്‍ അപകടസാധ്യത ഉയര്‍ത്തുന്നുവെന്ന് സുലെ സ്വകാര്യ ബില്ലില്‍ വാദിച്ചു.

ജോലിക്ക് പുറത്തുള്ള സമയങ്ങളില്‍ തൊഴിലുടമയുടെ കോളുകള്‍, ഇമെയിലുകള്‍ തുടങ്ങിയവയോട് പ്രതികരിക്കാതിരിക്കാനും ബന്ധം വിച്ഛേദിക്കാനുമുള്ള ജീവനക്കാരുടെ അവകാശം അംഗീകരിച്ചുകൊണ്ട് അവരുടെ സ്വകാര്യ ഇടത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും ബില്‍ വാദിച്ചു.പ്രൊഫഷണലും വ്യക്തിപരവുമായ ഉപയോഗത്തിനായി ഡിജിറ്റല്‍, ആശയവിനിമയ ഉപകരണങ്ങളുടെ ന്യായമായ ഉപയോഗത്തെക്കുറിച്ച് ജീവനക്കാരിലും പൗരന്മാരിലും അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *