ഇന്‍ഡിഗോ എയര്‍ലൈനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍;സിഇഒയെ പുറത്താക്കിയേക്കും

ന്യൂഡല്‍ഹി : പൈലറ്റ് ക്ഷാമംമൂലം ആയിരത്തിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞ സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡിഗോയ്ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ തയാറെടുക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയാണ് ഇന്‍ഡിഗോ.

വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ അധികൃതരെ വിളിച്ചുവരുത്തി. ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് 850ല്‍ താഴെ സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് ഇന്‍ഡിഗോ അറിയിച്ചു. വെള്ളിയാഴ്ച ആയിരത്തിലേറെ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പരിധി ഏര്‍പ്പെടുത്തി.

ഇന്‍ഡിഗോ ടിക്കറ്റ് കാന്‍സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി 8നു മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കണമെന്നു കേന്ദ്രം ഉത്തരവിട്ടു. റീഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. നവംബര്‍ ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളില്‍ 2026 ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവു നല്‍കി. അസാധാരണമായ യാത്രാപ്രതിസന്ധി കണക്കിലെടുത്താണിത്.

ഡിജിസിഎ നല്‍കിയ ഇളവിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 10നും 15നും ഇടയില്‍ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് അറിയിച്ചു. ‘ഒറ്റരാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ലെന്നാണ്’ ഇന്‍ഡിഗോയുടെ വിശദീകരണം. ഇന്‍ഡിഗോ സംഭവം അന്വേഷിക്കാനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നാലംഗ ഉന്നതതലസമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *