ന്യൂഡല്‍ഹി: ഒരു നമ്പര്‍ പ്ലേറ്റിന് എത്ര രൂപ വില വരും. തകിടിന്റെ വിലയാണെങ്കില്‍ വളരെ തുച്ഛമെങ്കിലും അതിലെ മോഹ നമ്പരിന് വില എത്ര വരെ പോകുമെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ല. ഇന്നലെ ഹരിയാനയില്‍ ഒരു നമ്പര്‍ ലേലത്തില്‍ വിറ്റു പോയിരിക്കുന്നത് 1.17 കോടി രൂപയ്ക്ക്. ഇന്ത്യയില്‍ ഒരു നമ്പര്‍ പ്ലേറ്റിനു കിട്ടുന്ന റെക്കോഡ് വിലയാണിതെന്നു പറയുന്നു. ലേലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടില്ല, അതിനാല്‍ ആരാണ് നമ്പര്‍ എടുത്തതെന്നോ ഏതു വാഹനത്തിനാണ് നമ്പര്‍ എടുത്തതെന്നോ ഇനിയും വ്യക്തമായിട്ടില്ല.
ഹരിയാനയിലെ രീതി വച്ച് എല്ലാ ആഴ്ചയിലും വിഐപി, ഫാന്‍സി നമ്പരുകളുടെ ലേലം നടക്കാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് അഞ്ചു മുതല്‍ തിങ്കളാഴ്ച രാവിലെ പത്തു വരെയാണ് ഓണ്‍ലൈനില്‍ ലേലം നടക്കുക. ആര്‍ക്കും നമ്പരിനു തുക ക്വോട്ട് ചെയ്യാം. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ലേലത്തിന്റെ ഫലം പ്രഖ്യാപിക്കും. ഇതനുസരിച്ച് ഇന്നലെ വൈകുന്നേരം ഈയാഴ്ചത്തെ ലേലത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോഴാണ് എച്ച്ആര്‍88ബി8888 എന്ന നമ്പര്‍ ആരോ ഒരാള്‍ 1.17 കോടി രൂപയ്ക്ക് വിളിച്ചെടുത്തതായി അറിയുന്നത്. അതായത് ഇരുപത്തഞ്ചോളം സാധാരണ കാറുകളുടെ വിലയാണ് ഒരു നമ്പരിനായി ആരോ ഒരാള്‍ മുടക്കിയിരിക്കുന്നത്.
രാജ്യത്താകെ 45 പേരാണ് ഈ നമ്പരിനായി രംഗത്തുണ്ടായിരുന്നത്. ക്യാപ്പിറ്റല്‍ അക്ഷരത്തില്‍ ബി എന്നെഴുതിയാല്‍ ഒറ്റ നോട്ടത്തില്‍ ഏഴു തവണ എട്ട് എന്ന അക്കം എഴുതിയതുപോലെയേ തോന്നൂ. ആതായിരുന്നു ഈ നമ്പരിന്റെ ആകര്‍ഷകത. അമ്പതിനായിരം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചാണ് ലേലം തുടങ്ങുന്നത്. അതാണ് ഇന്നലെ വൈകുന്നേരം 1.17 കോടിയിലെത്തി ലേലം ഉറപ്പിച്ചത്. ഇതില്‍ എച്ച്ആര്‍ എന്നത് ഹരിയാന എന്നതിന്റെ ചുരുക്കെഴുത്ത്, 88 എന്നത് ആര്‍ടിഒയുടെ കോഡ്, ബി എന്നത് ആര്‍ടിഒയിലെ സീരീസ് അക്കം, 8888 എന്നത് വണ്ടിയുടെ നമ്പരും.

