വാഷിംഗ്ടൺ: ചന്ദ്രനെ വലംവെക്കാനുള്ള ചരിത്രപരമായ യാത്രയ്ക്കിടെ ആർട്ടെമിസ് 2 ദൗത്യത്തിലെ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹരമായ ചിത്രം നാസ പുറത്തുവിട്ടു. ബഹിരാകാശത്തിന്റെ അഗാധമായ കറുപ്പിൽ ഒരു നീല മാണിക്യം പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രം ഏപ്രിൽ മൂന്നിനാണ് നാസ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
നാസയുടെ ഓറിയോൺ പേടകത്തിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്. ഏപ്രിൽ രണ്ടിന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കാനുള്ള നിർണ്ണായകമായ ‘എൻജിൻ ബേൺ’ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സഞ്ചാരികൾ ഈ ദൃശ്യം പകർത്തിയത്.
1972-ലെ അപ്പോളോ 17-ന് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തുന്ന ആദ്യ ദൗത്യമാണിത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നീ നാല് സഞ്ചാരികളാണ് പേടകത്തിലുള്ളത്.ആർട്ടെമിസ് 2 ചന്ദ്രനിൽ ഇറങ്ങില്ല, പകരം ചന്ദ്രനെ വലംവെച്ച് പത്താം ദിവസം ഭൂമിയിൽ തിരിച്ചെത്തും. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിനുള്ള മുന്നൊരുക്കമാണിത്.

