നേപ്പാളിൽ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; മരണം 13 ആയി

കാഠ്മണ്ഡു :നേപ്പാളിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. നേപ്പാളിലെ സുദൂർപശ്ചിം പ്രവിശ്യയിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം വരന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

ബൈതാഡി ജില്ലയിലെ പുർചൗഡി മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നുള്ള ബസ് കുത്തനെയുള്ള മലയോര പാതയിലൂടെ സഞ്ചരിക്കവേ നിയന്ത്രണം വിട്ട് 200 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസ് അമിതമായി ഭാരം കയറ്റിയിരുന്നതായും കയറ്റം കയറുന്നതിനിടെ ബ്രേക്ക് പൈപ്പ് പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രദേശവാസികളും നേപ്പാൾ പൊലീസും സായുധ പൊലീസ് സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുന്നെന്നും മരണസംഖ്യ ഇനിയും ഉയരുമെന്ന് കരുതുന്നതായും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *