സിഡ്നി: സിഡ്നിയിലെ ഗ്രേസ്റ്റാന്സില് നിയന്ത്രണം വിട്ട മാലിന്യ ട്രക്ക് (Garbage truck) വീടിനുള്ളിലേക്ക് ഇടിച്ചുകയറി വന്‍ അപകടം.വീടിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും,കിടപ്പുമുറിയിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ 7.30-ഓടെയാണ് ജെഫ്രി അവന്യൂവില്‍ അപകടമുണ്ടായത്.നിയന്ത്രണം വിട്ട് ഉരുണ്ടുനീങ്ങിയ ട്രക്കിന് പിന്നാലെ ജീവനക്കാരന് ഓടിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. ബന്ധുക്കള്‍ നോക്കിനില്‍ക്കെ ട്രക്ക് വീടിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ട്രക്ക് ഇടിച്ചുകയറിയ മുറിയിലാണ് സാധാരണയായി ഒരു വയസ്സുകാരിയായ ജിസൈല്‍ (Giselle) ഉറങ്ങാറുള്ളത്.എന്നാല്‍ അപകടം നടക്കുമ്പോള്‍ കുട്ടി അമ്മയ്ക്കൊപ്പം വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

