മെൽബണിൽ വൻതോതിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ വരുന്നു; 20 നില കെട്ടിടങ്ങൾക്ക് അനുമതി

മെൽബൺ: വിക്ടോറിയ സംസ്ഥാനത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മെൽബണിലെ 25 പ്രാന്തപ്രദേശങ്ങളിൽ വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ. പുതിയ പ്ലാനിംഗ് കൺട്രോളുകൾ പ്രകാരം മെൽബണിന്റെ വടക്കൻ മേഖലകളിൽ 20 നിലകൾ വരെയുള്ള ബഹുനില മന്ദിരങ്ങൾ നിർമ്മിക്കാൻ സാധിക്കും. പ്രീമിയർ ജസീന്ത അല്ലൻ, പ്ലാനിംഗ് മിനിസ്റ്റർ സോണിയ കിൽക്കെന്നി എന്നിവരാണ് ഇത് സംബന്ധിച്ച അന്തിമ പ്ലാൻ പുറത്തുവിട്ടത്.

പൊതുഗതാഗത സൗകര്യങ്ങളോട് ചേർന്നുള്ള ‘ആക്റ്റിവിറ്റി സെന്ററുകൾ’ കേന്ദ്രീകരിച്ചാണ് ഈ വികസനം നടപ്പിലാക്കുന്നത്. ട്രെയിൻ സ്റ്റേഷനുകൾക്കും ട്രാം സ്റ്റോപ്പുകൾക്കും സമീപം കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിലൂടെ സാധാരണക്കാർക്കും യുവാക്കൾക്കും കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങളുള്ള ഇടങ്ങളിൽ താമസിക്കാൻ അവസരമൊരുങ്ങും. ബ്രൺസ്‌വിക്, കോബർഗ് തുടങ്ങിയ സ്ഥലങ്ങളിൽ ട്രെയിൻ സ്റ്റേഷനുകൾക്ക് സമീപം 20 നില കെട്ടിടങ്ങൾക്കും, ഹാംപ്ടൺ, ഹോത്തോൺ, ക്യൂ തുടങ്ങിയ ഇടങ്ങളിൽ 16 നിലകൾ വരെയും അനുമതി നൽകിയിട്ടുണ്ട്.

പുതിയ മെട്രോ ടണൽ പാതയിലുള്ള ഏഴ് സ്റ്റേഷനുകളും ഗ്ലെൻ വേവർലി ലൈനിലെ ആറ് സ്റ്റേഷനുകളും ഈ പദ്ധതിയുടെ ഭാഗമാണ്. സാൻഡ്രിംഗ്ഹാം ലൈനിലെ നോർത്ത് ബ്രൈറ്റൺ, മിഡിൽ ബ്രൈറ്റൺ എന്നിവിടങ്ങളിൽ കനത്ത പ്രതിഷേധങ്ങൾക്കിടയിലും 12 നില കെട്ടിടങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചു. ഈ പരിഷ്കാരത്തിലൂടെ 2051-ഓടെ മൂന്ന് ലക്ഷത്തിലധികം പുതിയ വീടുകൾ നിർമ്മിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഈ പദ്ധതികൾ റദ്ദാക്കുമെന്ന് പ്രതിപക്ഷ വക്താവ് ജെയിംസ് ന്യൂബറി പറഞ്ഞു. എന്നാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനസമ്പർക്ക പരിപാടിയിലൂടെയാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് പ്ലാനിംഗ് മിനിസ്റ്റർ വ്യക്തമാക്കി. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലുള്ള മറ്റ് 25 പ്രദേശങ്ങളുടെ പ്ലാൻ ഈ വർഷം പകുതിയോടെ പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *