കാത്തിരുന്ന സ്വപ്‌നം; എയ്ഡഡ് സ്‌കൂൾ ഭിന്നശേഷിസംവരണം

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളിൽ ഭിന്നശേഷിസംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കുള്ള നിയമനശുപാർശ നൽകിത്തുടങ്ങി. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 437 ഉദ്യോഗാർഥികൾക്കുള്ള നിയമനശുപാർശ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസത്തിൽ ഇതൊരു ചരിത്രമുഹൂർത്തമാണെന്നും സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ സർക്കാരിനു വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.

ഹൈസ്‌കൂൾ തലംവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 1300 ഒഴിവുകളിൽനിന്ന് റൊട്ടേഷൻ വ്യവസ്ഥ പാലിച്ചാണ് ഇപ്പോഴത്തെ നിയമനശുപാർശ. ബാക്കിയുള്ള ഒഴിവുകളിലേക്കും നിയമനങ്ങൾ നടക്കും. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് മേഖലയിൽ ഇപ്പോൾ ജോലിചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന-ജില്ലാതല സമിതികൾ രൂപവത്കരിച്ചാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.

ഭിന്നശേഷിനിയമനം പൂർണമായി നടപ്പാവുന്നതുവരെ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പെൻ നമ്പർ, അവധി, പി.എഫ്., ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ ഉറപ്പാക്കി. ജനുവരി 27-ന് സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കും. ഇതോടെ, താത്കാലികമായും ദിവസവേതനാടിസ്ഥാനത്തിലും തുടരുന്ന 22,000 അധ്യാപകർക്ക് സ്ഥിരനിയമനം നൽകാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *