തീവണ്ടി കയറി വെണ്ണക്കല്ലിന്റെ നാട്ടിലേയ്ക്ക്‌ -1

കഥ പറയുന്ന പ്രണയ സൗധം

ശിഹാബ് അല്‍ ദീന്‍ മുഹമ്മദ് ഖുറം രാജകുമാരന്‍ അര്‍ജുമന്ദ് ബാനു ബീഗത്തിന്റെ സ്മരണയില്‍ ലോകത്തിന് സമ്മാനിച്ച മഹാല്‍ഭുതം.ഇന്ത്യയിലെ മഹാ നിര്‍മിതികള്‍ കാണിച്ചാല്‍ ആരും തെറ്റാതെ പറയുന്ന ഒരു നിര്‍മിതിയുണ്ട്.അഴകിന്റെയും പൂര്‍ണതയുടെയും അവസാനവാക്ക്,താജ് മഹല്‍… ഇന്ത്യയുടെ പ്രണയ സൗധം.. .

 ഇന്ന് ആഗ്രഹങ്ങില്‍ ഒന്നായ താജ്മഹല്‍ കാണാനുള്ള യാത്രയിലാണ്..

നാസികില്‍ നിന്നും രാത്രി 11 മണിക്ക് ആഗ്ര ലക്ഷ്യമാക്കി നീങ്ങുന്ന പഞ്ചാബ് മെയില്‍ തീവണ്ടി കാത്തിരിക്കുകയാണ് ഞാന്‍.കൂകി പാഞ്ഞു വന്ന പല തീവണ്ടികള്‍ നിര്‍ത്തിയും നിര്‍ത്താതെയും പല വേഗത്തില്‍ കടന്നു പോകുന്നുണ്ട്.. ചിലവ് ചുരുക്കിയ യാത്രയായത് കൊണ്ട് 2S ക്ലാസിലാണ് എന്റെ സഞ്ചാരം..നാസിക്കിലെ സഞ്ചാരവും,കാലാവസ്ഥയും എന്നെ അവശനാക്കിയിരിക്കുന്നു… 

 എന്റെ  എതിര്‍ വശത്ത് ഇരിക്കുന്ന ഒരു വൃദ്ധന്‍ ആളൊരു രസികനാണ്. കയ്യില്‍ ഇരുന്ന ബാം വാങ്ങി ചുണ്ടിലും മുഖത്തും പുരട്ടിയ ശേഷം വലിയൊരു ജാക്കറ്റ് ഉപയോഗിച്ച് തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ ശരീരം മുഴുവന്‍ മറക്കുകയാണ് അദ്ദേഹം.. കുറച്ചു സമയത്തിന് ശേഷം ജാക്കറ്റ് തുറന്ന് ഹാന്‍സും,പാന്‍ പരാഗും,പാന്‍ മസാലയും ഒക്കെ പുറത്തെടുക്കുന്നു വിരുതന്‍.. വലിയൊരു ശേഖരം തന്നെയുണ്ട് അദേഹത്തിന്റെ കയ്യില്‍. പുറത്തെടുത്ത ഉത്പന്നങ്ങള്‍ എല്ലാം എണ്ണി തിട്ടപെടുത്തുന്ന തിരക്കിലാണ് കക്ഷി.. ജാക്കറ്റ് ഉപയോഗിക്കുന്നത് തണുപ്പിനെ പ്രതിരോധിക്കാന്‍ അല്ല പകരം പാന്‍മസാലകള്‍ സൂക്ഷിക്കാന്‍ വേണ്ടിയാണെന്ന് എനിക്ക് മനസ്സിലായി .. ജാക്കറ്റ് മാറ്റിയപ്പോള്‍ സ്ത്രീകള്‍ ധരിക്കുന്ന ചുരിദാര്‍ ആണ് അയാളുടെ വേഷം ..

അറിയുന്ന ഹിന്ദിയില്‍ അദ്ദേഹത്തോട് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട് ഞാന്‍.എന്നാല്‍ മറാത്തി സംസാരിക്കുന്ന അദ്ദേഹത്തിന് അതൊന്നും മനസിലാകുന്നതേ ഇല്ല.. യാത്രയില്‍ ഉടനീളം  അദ്ദേഹം എന്നെ കൗതുക പെടുത്തി കൊണ്ടിരുന്നു.സീറ്റ് ബുക്ക് ചെയ്ത ആളുകള്‍ വരുമ്പോള്‍ ബഹുമാന പൂര്‍വ്വം അവര്‍ക്ക് എഴുന്നേറ്റ് കൊടുക്കുന്നു അയാള്‍ അവസാനം തന്റെ ജാക്കറ്റ് ട്രെയിനിന്റെ നിലത്ത് വിരിച്ച് വഴിയില്‍ കിടന്നു ഉറക്കമായി വിരുതന്‍.

വലിയൊരു ഇരുമ്പ് പാലത്തിന് മുകളിലൂടെയാണ് ട്രെയിന്‍ കടന്നു പോകുന്നത്, നാസിക് ജില്ലയില്‍ സഹ്യാദ്രി നിരയിലുള്ള ത്രയമ്പക് കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന വൃദ്ധ ഗംഗ  എന്നറിയപ്പെടുന്ന ഗോദാവരി നദിയെ മുറിച്ചു കടന്നാണ് ട്രെയിനിന്റെ യാത്ര. ത്രയംഭകേഷ്വര്‍ ,നാസിക്,ഭദ്രാചലം,രാജ മുന്ദ്രി എന്നിവയാണ് ഗോദാവരി തീരത്തുള്ള പ്രധാന പട്ടണങ്ങള്‍. ഇതില്‍ ഗോദാവരി തീരത്തെ ഏറ്റവും വലിയ പട്ടണവും നാസിക് തന്നെ. ഇന്ത്യ യിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി,പൂര്‍ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി,തെക്കേ ഇന്ത്യയിലേ, ഡെക്കാന്‍ മേഖലയിലെ ഏറ്റവും നീളമുള്ള നദി,ആന്ധ്രാ പ്രദേശിന്റെ ജീവ രേഖ എന്നൊക്കെ പ്രത്യേകതകളുണ്ട് ഗോദാവരിക്ക്.

ട്രെയിനില്‍ നല്ല തിരക്കനുഭവപ്പെടുന്നു.. ടിക്കറ്റ് ഇല്ലാത്തവരാണ് ബോഗിയില്‍ കൂടുതലും.12 മണിയോടെ മന്‍മദ് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ എത്തി.അവിടന്ന് കയറിയ ഒരു ഭോപാല്‍ കുടുംബം  പാതി മയക്കത്തിലിരുന്ന എന്നെ ഞെട്ടി എഴുന്നേല്‍പ്പിച്ചു.

4 പേരടങ്ങുന്ന അവര്‍ മുന്‍പിലെ സീറ്റില്‍ ഇരിപ്പായി..അവര്‍ക്ക് മുകളിലെ ലഗേജ് ബെര്‍ത്ത് വേണം.. ഹിന്ദി എന്ന് തോന്നിപ്പിക്കുന്ന എന്തോ ഒരു ഭാഷയില്‍ പ്രത്യേക താളത്തിലും ഭാവത്തിലും ശബ്ദത്തിലും  എന്തൊക്കെയോ പറഞ്ഞു മുകളില്‍ കിടന്ന ടിക്കറ്റ് ഇല്ലാത്ത ആളുമായി തകര്‍ക്കിക്കുന്നു,  അങ്ങനെ അവസാനം  ബെര്‍ത്ത് തട്ടി എടുത്തു അതിലെ മുതിര്‍ന്ന വ്യക്തി. ഇതൊന്നും ശ്രദ്ധിക്കാതെ ഫോണില്‍ മുഴുകി ഇരിക്കുകയാണ് ആ കുടുംബത്തിലുള്ള ഒരു ചെറുപ്പക്കാരി.അവള്‍ക്ക് ചെറുതായിട്ട് ഇംഗ്ലീഷ് അറിയാം..ഞങള്‍ ചുരുങ്ങിയ സമയം കൊണ്ട് സൗഹൃദത്തിലായി എങ്കിലും  അവളുടെ സംസാരത്തില്‍ ചെറിയൊരു അഹങ്കാരം പ്രകടമായിരുന്നു …

മുന്‍പ് കാണാത്ത രൂപ ഭംഗിയുള്ള ആളുകളാണ് ചുറ്റും.ബാല്യ കാലത്ത് ദൂരദര്‍ശന്‍ ഹിന്ദി സീരിയലില്‍  കണ്ടിട്ടുള്ള കഥാപാത്രങ്ങള്‍ എന്ന് തോന്നിക്കുന്നവര്‍. ഇതിനിടയില്‍ ചായയും കാപ്പിയും വില്‍ക്കുന്ന ആളുകളെ കാണാന്‍ പോലുമില്ല എങ്കിലും പാന്‍ മസാലയും,ഹാന്‍സും, സിഗരറ്റും, പുകയിലയും വില്‍ക്കുന്ന ആളുകള്‍ ധാരാളം കടന്ന് പോകുന്നു . 

ട്രെയിനിന്റെ വേഗതയെ കൂട്ട് പിടിച്ച് രാത്രിയിലെ ശക്തമായ തണുപ്പ് ജനാലയിലെ വിടവിലൂടെ ഉള്ളില്‍ പ്രവേശിക്കുന്നുണ്ട്..കഠിനമായ തണുപ്പില്‍ എന്റെ പല്ലുകള്‍ക്ക് വേദന അനുഭവപ്പെടുന്നു,കൈ കാലുകള്‍ മരവിക്കുന്നുണ്ട്,നീണ്ടു നിവര്‍ന്നു കിടന്നാല്‍ കൊള്ളാം എന്നൊരാഗ്രഹം തോന്നുന്നു,പക്ഷേ കാല് നീട്ടി  ഇരിക്കാന്‍ പോലും സാധിക്കാത്ത തിരക്കാണ് ട്രെയിനില്‍.

ഡോക്ടര്‍ മുഹമ്മദ് സഹദ് സാലിഹ്‌

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *