മെൽബൺ: വിക്ടോറിയയിലെ പ്രിൻസസ് ഫ്രീവേയിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ മോട്ടോർ സൈക്കിൾ ഓടിച്ച 27-കാരൻ പോലീസ് പിടിയിലായി. ഇന്നലെ രാത്രി 10 മണിയോടെ ലാറയിൽ വച്ചാണ് അതിവേഗതയിൽ പാഞ്ഞ ബൈക്ക് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നോർത്ത് ഗീലോങ്ങ്, കൊറിയോ, ഓഷ്യൻ ഗ്രോവ് തുടങ്ങിയ സ്ഥലങ്ങളിലെ തെരുവുകളിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഇയാളെ കണ്ടെത്താൻ പോലീസ് ഹെലികോപ്റ്ററിന്റെ സഹായം തേടുകയായിരുന്നു.
ഏകദേശം 10:30-ഓടെ ലിയോപോൾഡിലെ ക്രിസ്റ്റീസ് റോഡിലുള്ള ഒരു വീടിന് മുന്നിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിച്ചതുൾപ്പെടെ നിരവധി ട്രാഫിക് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 1305 ഡോളർ ചിലവിൽ ഇയാളുടെ ബൈക്ക് പോലീസ് കണ്ടുകെട്ടി. മെയ് 8-ന് ഇയാൾ ഗീലോങ്ങ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണം.
ഈ സംഭവത്തിന് പിന്നാലെ, വിക്ടോറിയയിൽ പോലീസ് പിന്തുടരുന്ന സാഹചര്യങ്ങളിൽ കുറ്റവാളികൾക്ക് കനത്ത ശിക്ഷ നൽകുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന വാഗ്ദാനവുമായി പ്രതിപക്ഷമായ ലിബറൽ പാർട്ടി രംഗത്തെത്തി. നിലവിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് മൂന്ന് തരത്തിലുള്ള ശിക്ഷകളാണുള്ളത്. എന്നാൽ ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കണമെന്നും കുറ്റവാളികളെ എളുപ്പത്തിൽ ജയിലിലടയ്ക്കാൻ പാകത്തിൽ നാലാമതൊരു വകുപ്പ് കൂടി കൂട്ടിച്ചേർക്കുമെന്നുമാണ് നവംബറിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ലിബറൽ പാർട്ടിയുടെ പ്രഖ്യാപനം.
പോലീസ് യൂണിയൻ ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. “മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഹൈവേകളിലൂടെ പാഞ്ഞ് പൊതുജനങ്ങളെ അപകടത്തിലാക്കുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കണം,” എന്ന് ഷാഡോ പോലീസ് മിനിസ്റ്റർ ബ്രാഡ് ബാറ്റിൻ പറഞ്ഞു. എന്നാൽ, ഈ നിർദ്ദേശത്തെ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ മിനിസ്റ്റർ ഗബ്രിയേൽ വില്യംസ് പരിഹസിച്ചു. വിക്ടോറിയയിൽ നിലവിൽ തന്നെ ഇത്തരത്തിലുള്ള കർശന നിയമങ്ങൾ ഉണ്ടെന്നും ലിബറൽ പാർട്ടിയുടേത് വെറും രാഷ്ട്രീയ ഗീർവാണമാണെന്നും അവർ കുറ്റപ്പെടുത്തി.

