ലക്നൗ: യുപിയിലെ സഹാറന്‍പൂര്‍ ജില്ലയില്‍ കൊടുംകുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഗംഗോ പൊലീസ് സ്റ്റേഷന് പ്രദേശത്ത് ഞായറാഴ്ചയും രാത്രിയാണ് സംഭവം.
സുല്‍ത്താന്‍പൂര്‍ സ്വദേശി സിറാജ് അഹമ്മദാണ് കൊലപ്പെട്ടത്. 2023 ഓഗസ്റ്റില്‍ അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. ഇയാളുടെ തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ഗുണ്ടാതലവനുമായ മുക്താര്‍ അന്‍സാരിയുടെ സംഘത്തിലെ പ്രധാനിയാണ് സിറാജ് അഹമ്മദ്.
സിറാജ് അഹമ്മദിന്റെ മരണം കൊല്ലപ്പെട്ട അഭിഭാഷകന്റെ കുടുംബം മധുര പലപഹാരം വിതരണം ചെയ്താണ് ആഘോഷിച്ചത്. കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നന്ദി അറിയിക്കുകയും ചെയ്തു.
2023 ഓഗസ്റ്റ് 6 നാണ് ജില്ലാ കോടതി അഭിഭാഷകനായ ആസാദ് അഹമ്മദ് പട്ടാപ്പകല്‍ വെടിയേറ്റ് മരിച്ചത്. കുഞ്ഞ് ജനിച്ച സന്തോഷം അറിയിക്കാന്‍ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. സഹോദരന് മുനാവിറും കൂടെയുണ്ടായിരുന്നു. ആസാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുനാവറിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഗുണ്ടാതലന്മാരായിരുന്ന മുക്താര്‍ അന്‍സാരിയുമായും മുന്ന ബജ്രംഗിയുമായുടെയും വലംകൈയായിരുന്നു സിറാജ് അഹമ്മദ്. സമാജ് വാദി നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. കൊലപാതകം, കൊലപാതകശ്രമം, ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) എന്നിവയുള്‍പ്പെടെ 30 ഓളം ക്രമിനില്‍ കേസുകളിലെ പ്രതിയാണ്. സിറാജിന്റെ കോടികള്‍ വിലമതിക്കുന്ന അനധികൃത സ്വത്തുക്കളും വാഹനങ്ങളും യുപി സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തിയിരുന്നു.

