തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ സിപിഎം എംഎല്‍എയുമായ എ പത്മകുമാറിനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലസ്ഥാനത്തെ രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു മണിക്കൂറുകള്‍ നീളുന്ന ചോദ്യം ചെയ്യല്‍. കൊല്ലത്ത് കോടതിയില്‍ ഹാജരാക്കിയ പത്മകുമാറിനെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ചോദ്യം ചെയ്യലിനായി പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തുകയായിരുന്നു. ഇന്നലെ രാവിലെയാണ് പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് പത്മകുമാര്‍ എസ്‌ഐടിക്കു മുന്നില്‍ ഹാജരായത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെയെല്ലാം മൊഴികള്‍ പത്മകുമാറിന് എതിരായിരുന്നു. മുരാരി ബാബു മുതല്‍ എന്‍ വാസു വരെയുള്ള പ്രതികളെല്ലാം ഇയാള്‍ക്കെതിരേയാണ് പൊലീസിനോടു കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. എന്‍ വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നപ്പോള്‍ പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്.

