026 ജനുവരി 12 ന് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം
നോക്കിക്കാണാന്‍ അവനവന്റെ ജീവിതം പോലെ മനോഹരമായൊരു ചിത്രം വേറെയില്ല. വരച്ചിടത്തോളം കാണുന്ന ആ ചിത്രത്തെയാണ് നമ്മള് ആത്മകഥയെന്നു വിളിക്കുന്നത്. ഇതൊരു ആത്മകഥയല്ല. സ്വജീവിതത്തിന്റെ ജലച്ചായങ്ങള്‍ ചുറ്റുീ പടര്‍ന്ന് രൂപപ്പെടുന്ന ചിത്രകൗതുകങ്ങളെ സസൂക്ഷ്മം ഒപ്പുകടലാസിലേക്ക് പകര്‍ത്തുന്ന എളിയ ശ്രമം. കണ്ടതും കേട്ടതും അനുഭവിച്ചതും നിരീക്ഷിച്ചതുമായ ചില ചിത്രങ്ങള്‍… ഒപ്പം ജീവിച്ച അനേകര്‍ കടന്നു വരുന്നതു കൊണ്ടു തന്നെ ഇത് അവരുടെ കൂടി ജീവരേഖയായി മാറുന്നു.
‘മോസ്ക്കോയില്‍ നിന്നും ബത് ഫത്തനിലേക്ക് ഒരു പാസഞ്ചര്‍ തീവണ്ടി’ എന്ന ഗ്രന്ഥശീര്‍ഷകം എന്ത് തോന്നലാണ് നിങ്ങളിലുണ്ടാക്കിയത് എന്നറിയില്ല.ആ പാസഞ്ചര്‍ തീവണ്ടിയില്‍ കയറുക എന്നത് കുട്ടിക്കാലത്തെ എന്റെ വലിയൊരു മോഹമായിരുന്നു. മൊറോക്കന്‍ സഞ്ചാരിയായ ഇബനുബത്തൂത്ത ബത്ഫത്തന് എന്ന് രേഖപ്പെടുത്തിയ,കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്തായ വളപട്ടണത്തായിരുന്നു എന്റെ ജനനം.ഏറ്റവും കൂടുതല്‍ കാലം ജീവിച്ചതാവട്ടെ, കമ്മ്യൂണിസ്റ്റുകള്‍ ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ചിറക്കല്‍ ഗ്രാമപഞ്ചായത്തിലും. കൈ പൊക്കി വോട്ടു ചെയ്ത് കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയ വാര്‍ത്ത അന്ന് മോസ്ക്കോ റേഡിയോ വലിയ പ്രാധാന്യത്തോടെ പ്രക്ഷേപണം ചെയ്തിരുന്നത്രേ.
അങ്ങനെ ചിറക്കലിന് മോസ്ക്കോ എന്നൊരു വിളിപ്പേരും കിട്ടി. അതിര്‍ത്തി പങ്കിട്ട ഈ രണ്ടു ഗ്രാമങ്ങളിലായി രണ്ട് റെയില്‍വേ സ്റ്റേഷനുകളുണ്ടായിരുന്നു. പാസഞ്ചര്‍ തീവണ്ടികള്‍ മാത്രം നിര്‍ത്തുന്ന സ്റ്റേഷനുകള്‍. വീട്ടില്‍ നിന്നും ഒരേ ദൂരമായിരുന്നു രണ്ട് സ്റ്റേഷനുകളിലേക്കും. വളപട്ടണത്തു നിന്നും വണ്ടി കയറി ചിറക്കല്‍ സ്റ്റേഷനിലിറങ്ങുക. ചിറക്കലില്‍ നിന്നും കയറി വളപട്ടണത്തിറങ്ങുക… നടക്കാതെ പോയ ഈ മോഹങ്ങളുടെ പുറത്ത് ജീവിച്ച ഒരാളുടെ ഓര്‍മ്മകളും നിരീക്ഷണങ്ങളുമാണ് ഈ പുസ്തകം. ഈ വണ്ടിയില്‍ കയറാന്‍ നിങ്ങളോരോരുത്തരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

