മധുര: പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി മഞ്ചമലൈ നദീതടത്തിൽ നടക്കുന്ന പാലമേട് ജെല്ലിക്കട്ടിന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇന്നലെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. ആയിരം കാളക്കൂറ്റന്മാരും അഞ്ഞൂറു മത്സരാർഥികളുമാണ് പങ്കെടുത്തത്.
രണ്ടായിരത്തോളം പോലീസുകാരെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ചിരുന്നു. വിജയിക്ക് ഡിഎംകെ നേതൃത്വം വാഗ്ദാനം ചെയ്ത കാറും ട്രാക്ടറും ലഭിക്കും.
കഴിഞ്ഞദിവസം നടന്ന അവനിയാപുരം ജെല്ലിക്കട്ടിൽ വളയംകുളം സ്വദേശി ബാലമുരുകൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 22 കാളക്കൂറ്റന്മാരെ മെരുക്കിയതിനാണു ബാലമുരുകന് മുഖ്യമന്ത്രിയുടെ ട്രോഫി ലഭിച്ചത്. വീരുമാണ്ടി സഹോദരങ്ങളുടെ കാളക്കൂറ്റന്മാർക്ക് മികച്ച കാളക്കൂറ്റനുള്ള പുരസ്കാരവും ലഭിച്ചു.
മൂന്നാമത്തേതും അവസാനത്തേതുമായ ജെല്ലിക്കട്ട് ഇന്ന് അലങ്കനല്ലൂരിൽ നടക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മത്സരം ഫ്ലാഗ് ഓഫ് ചെയ്യും.

