കുറകാവോ: കേരളത്തെ എണ്‍പത്തേഴു കഷണമായി മുറിച്ചാല്‍ അതിലൊരു കഷണത്തിന്റെ മാത്രം വലുപ്പം വരുന്നൊരു കുഞ്ഞന്‍ രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. ഫുട്ബോള്‍ ലോക കപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ വിജയിച്ച് വമ്പന്മാരോട് ഏറ്റുമുട്ടാന്‍ ഇവരും എത്തുന്നു. വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ രാജ്യം യോഗ്യതാ റൗണ്ടില്‍ തോല്പിച്ചത് വമ്പന്മാരായ ജമൈക്കയെ ആണ്. ഇതോടെ ലോക കപ്പ് ഫുട്ബോളില്‍ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതിയും ഇവര്‍ക്ക് സ്വന്തമായി. തോല്‍വി അറിയാതെ ഗ്രൂപ്പ് ബിയില്‍ പന്ത്രണ്ടു പോയിന്റ് നേടിയാണ് ഇവര്‍ യോഗ്യത കൈവരിച്ചിരിക്കുന്നത്. ഡച്ച് പരിശീലകന് ഡിക്ക് അഡ്വക്കറ്റിന്റെ ശിക്ഷണമാണ് ഇവര്‍ക്ക് ഇത്രത്തോളമെത്താന്‍ തുണയായി മാറിയത്.
ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോഡ് ഇതുവരെ ഐസ്ലാന്‍ഡിനായിരുന്നു സ്വന്തമായിരുന്നത്. 2018ലെ ലോകകപ്പില്‍ കളിക്കുന്നതിനായിരുന്നു ഐസ്ലാന്‍ഡ് യോഗ്യത നേടിയിരുന്നത്. അന്ന് അവരുടെ ജനസംഖ്യ മൂന്നര ലക്ഷമായിരുന്നു. നെതര്‍ലാന്‍ഡ്സ് ആന്റിലീസ് 2010ല്‍ പിരിച്ചുവിട്ടതോടെയാണ് അരൂബ, സിന്റ് മാര്‍ട്ടന്‍ എന്നീ ചെറു പ്രദേശങ്ങള്‍ക്കൊപ്പം കുറകാവോയും സ്വതന്ത്ര രാഷ്ട്രമായി മാറുന്നത്. അക്കൊല്ലം തന്നെ അവര്‍ ഫിഫയില്‍ അംഗത്വവുമെടുത്തിരുന്നു. തെക്കന്‍ കരീബിയന്‍ കടലില്‍ വെനിസ്വേലയ്ക്ക് സമീപമാണ് ചെറു ദ്വീപായ കുറകാവോ സ്ഥിതി ചെയ്യുന്നത്.

