പാലക്കാട്: അനാശാസ്യ പ്രവൃത്തിക്ക് അറസ്റ്റിലായ യുവതിയെ പീഡിപ്പിക്കുകയും പ്രതികളായ മറ്റുള്ളവരെ പണം വാങ്ങി കേസെടുക്കാതെ പറഞ്ഞയയ്ക്കുകയും ചെയ്തുവെന്ന കേസില്‍ നിലവില്‍ വടകര ഡിവൈഎസ്പിയായിരിക്കുന്ന എ ഉമേഷിനെതിരേ ഗുരുതര പരാമര്‍ശങ്ങളുമായി വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ ഗുരുതര പരാമര്‍ശങ്ങളുടെ വെളിച്ചത്തിലായിരുന്നു ആഭ്യന്തര അന്വേഷണം നടന്നത്.
വടക്കഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന സമയത്താണ് അന്വേഷണത്തിന് ആധാരമായ സംഭവങ്ങള്‍ നടക്കുന്നത്. ഇയാള്‍ക്കെതിരേ നടപടികള്‍ക്കു ശുപാര്‍ശ ചെയ്തുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പാലക്കാട് ജില്ലാ പോലീസ് മേധാവിയായ അജിത്കുമാറാണ്. ഇനി കേസെടുത്ത് നടപടി സ്വീകരിക്കേണ്ടത് ഡിജിപിയാണ്. ബിനു തോമസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായ ആരോപണം നൂറുശതമാനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബിനു തോമസ് മരിക്കുന്നതിനു മുമ്പായി തയാറാക്കിയ 35 പേജുള്ള കുറിപ്പിലാണ് അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ളത്. കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത് 2015ലാണ്.

