അഡലെയ്ഡിലെ പൊതു നിരത്തില്‍ യുവാവ് ശങ്ക തീര്‍ക്കുന്ന വീഡിയോ വൈറല്‍, ഇന്ത്യക്കാരനെന്നു പരക്കെ പ്രതികരണം

അഡലെയ്ഡ്: ഇന്ത്യക്കാരനെന്ന് ആരോപിക്കപ്പെടുന്നൊരു യുവാവ് ഓസ്‌ട്രേലിയയിലെ പാതയോരത്ത് പ്രാഥമിക കൃത്യം നിര്‍വഹിക്കുന്ന ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സൗത്ത് ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ അഡലെയ്ഡിനു സമീപം ഒരു റെസിഡന്‍ഷ്യല്‍ ഏരിയയോടു ചേര്‍ന്ന ഭാഗത്ത് ഒരു യുവാവ് പരസ്യമായി പാന്റ്‌സ് താഴ്ത്തിവച്ച് വെളിക്കിറങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. അതിനു ചേര്‍ന്നുള്ള റോഡിലൂടെ വാഹനം ഓടിച്ചു പോകുകയായിരുന്ന ഒരു ഓസ്‌ട്രേലിയക്കാരന്‍ അസ്വാഭാവികമായ ഇക്കാര്യം കണ്ടതോടെ വണ്ടിയില്‍ നിന്നിറങ്ങി വീഡിയോ പകര്‍ത്തുകയായിരുന്നു.

പൊതുസ്ഥലത്ത് പരസ്യമായി പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നത് സമൂഹ മര്യാദയ്ക്കു നിരക്കാത്ത കാര്യമായാണ് ഓസ്‌ട്രേലിയയില്‍ കരുതുന്നത്. അതിനാല്‍ വീഡിയോ എടുത്തയാള്‍ ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ ചെയ്തതില്‍ എന്താണു തെറ്റെന്ന് അറിയാത്ത മട്ടിലാണ് അയാളുടെ പ്രതികരണം. ഇത്തരം പെരുമാറ്റങ്ങള്‍ ഓസ്‌ട്രേലിയയില്‍ സാധാരണമായി തീര്‍ന്നോ എന്ന ചോദ്യത്തോടെയാണ് വീഡിയോ തീരുന്നത്.

വീഡിയോ എടുത്തയാള്‍ ശങ്കതീര്‍ത്തത് ഇന്ത്യക്കാരനാണെന്നു പറയുന്നില്ലെങ്കിലും അതിനു ചുവടെ വന്നിരിക്കുന്ന കമന്റുകളിലാണ് വംശീയ അധിക്ഷേപമുള്ളത്. ഇന്ത്യക്കാര്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അതിനാല്‍ ഇതൊരു ഇന്ത്യക്കാരനായിരിക്കാമെന്നുമാണ് പ്രതികരിച്ചിരിക്കുന്ന പലരും അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *