ആധാര്‍ രൂപം മാറ്റുന്നു, മുഖവും ക്യൂആര്‍ കോഡും മാത്രം, തുടക്കം അടുത്ത മാസം, ആധാര്‍ ആപ്പും ഇതിനൊപ്പം പുറത്തിറക്കും

ന്യൂഡല്‍ഹി: അടുത്ത മാസം മുതല്‍ ആധാര്‍ പുതിയ മുഖശ്രീയിലായിരിക്കും ഉപയോക്താക്കളിലെത്തുകയെന്നറിയുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതോടെ ആധാര്‍ കാര്‍ഡില്‍ വ്യക്തിയുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കും. ഇവയ്ക്കു പകരം വ്യക്തിയുടെ ചിത്രവും ഒരു ക്യൂആര്‍ കോഡും മാത്രമായിരിക്കും ഉണ്ടായിരിക്കുക. വ്യക്തഗത വിവരങ്ങള്‍ ആവശ്യക്കാര്‍ക്കു മാത്രം കാണാനാവുന്ന വിധത്തില്‍ ക്യആര്‍ കോഡില്‍ ഉള്‍പ്പെടുത്തുകയായിരിക്കും ചെയ്യുക. ഇതിന്റെ ഉപയോഗം ഡിജിറ്റലായി മാത്രമായിരിക്കും. അതായത് ഫോട്ടോകോപ്പി ഉപയോഗിക്കുന്ന ഇപ്പോഴത്തെ രീതി പൂര്‍ണമായി അവസാനിക്കും. ഇതിനൊപ്പം ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള പുതിയ ആപ്പും പുറത്തിറക്കും.

പുതിയ ആധാര്‍ കാര്‍ഡ് വരുമെങ്കിലും തല്‍ക്കാലം നിര്‍ബന്ധമാക്കില്ല. രണ്ടു തരത്തിലുള്ള കാര്‍ഡും ഉപയോഗിക്കുന്നതിന് അനുവാദമുണ്ടായിരിക്കും. വേണ്ടത്ര സമയം അനുവദിച്ചതിനു ശേഷം ഇതു നിര്‍ബന്ധമാക്കാനാണ് തീരുമാനം എന്നറിയുന്നു. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അപ്പോള്‍ മാത്രമായിരിക്കും പുറത്തിറക്കുക. അപേക്ഷകളിലും മറ്റും ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ അനുവാദമുണ്ടായിരിക്കുമെങ്കിലും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തു മാത്രമായിരിക്കും ആ വിവരങ്ങളിലേക്ക് എത്താന്‍ സാധിക്കൂ. ആധാര്‍ ഉപയോഗം പുതിയ ആപ്പ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്നതിനു സാധിക്കും. ഡിസംബര്‍ ഒന്നുമുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതിനു സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *