ആമി ലോപസ് കൊലപാതകം: 32 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ജർമ്മനി: 32 വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ യുവതി കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. 1994-ൽ ജർമ്മനിയിലെ കോബ്ലെൻസ് നഗരത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ 24-കാരിയായ അമേരിക്കൻ വിനോദസഞ്ചാരി ആമി ലോപസിന്റെ കൊലപാതകത്തിലാണ് ഇപ്പോൾ പ്രതി പിടിയിലായത്. 81 വയസ്സുകാരനായ ഒരാളാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്.

1994-ൽ റൈൻ നദിക്ക് സമീപമുള്ള ഐറൻബ്രൈറ്റ്‌സ്റ്റീൻ കോട്ടയ്ക്ക് അടുത്താണ് ആമി ലോപസിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ആധുനിക ഡിഎൻഎ പരിശോധനാ സാങ്കേതികവിദ്യയാണ് കേസിൽ പ്രതിയെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്.ലോപസിന്റെ വസ്ത്രങ്ങളിൽ നിന്ന് ശേഖരിച്ച തെളിവുകളിൽ നടത്തിയ വിശദമായ ഡിഎൻഎ പരിശോധനയാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. 1600-ഓളം സാമ്പിളുകൾ ഇതിനായി പരിശോധിച്ചു.പ്രതിയുടെ സലൈവ സാമ്പിൾ എടുത്ത് ലോപസിന്റെ വസ്ത്രങ്ങളിൽ നിന്ന് ലഭിച്ച ഡിഎൻഎയുമായി താരതമ്യം ചെയ്തപ്പോൾ അത് പൊരുത്തപ്പെടുകയായിരുന്നു. ഇതോടെയാണ് 81 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ എത്ര കാലം കഴിഞ്ഞാലും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടില്ലെന്നും, ഇത്തരം കേസുകൾ അന്വേഷണ ഏജൻസികൾ വിസ്മരിക്കാറില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആമി ലോപസിന്റെ പിതാവിനെ പോലീസ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *