അനുഗ്രഹീത ഗായിക, ലോകം അറിയുന്ന റേഡിയോ അവതാരക, കനല്‍ നിറഞ്ഞ പാതകളില്‍ ചവിട്ടി നടന്നപ്പോഴും ജീവിത്തിന്റെ ഊഷ്മളത നഷ്ടപ്പെടുത്താത്ത അനേകര്‍ക്ക് സാന്ത്വനമായി മാറിയ അപൂര്‍വ്വ വ്യക്തിത്വം. അങ്ങനെയൊരു വ്യക്തിയുടെ ജീവിത കഥ കൈകളിലെത്തുമ്പോള്‍ വലിയൊരു പുസ്തകമാണ് സ്വാഭാവികമായും പ്രതീക്ഷിക്കുക. എന്നാല്‍ കൈകളിലേയ്ക്ക് എത്തിയത് വെറും 124 പേജുള്ള പുസ്തകം,അടുത്തറിയുന്ന ആര്‍ക്കും അതിശയം തോന്നില്ല. ജീവിതത്തിലും,വാക്കിലും,പ്രവര്‍ത്തിയിലും വളരെ മിതത്വവും ആഢ്യത്വവും പാലിക്കുന്ന ആശാലത എന്ന ഗായികയില്‍ നിന്നും ഒരു മഹാഭാരതം പ്രതീക്ഷിക്കേണ്ടതില്ല.പക്ഷെ എല്ലാറ്റിന്റെയും സത്തും സംഗ്രഹവുമായ ഭഗവത്ഗീത പ്രതീക്ഷിക്കാം.
നീട്ടിപരത്തി ആരേയും ബോറടിപ്പിക്കാതെ പറയേണ്ടത് എന്താണെന്ന് കൃത്യമായി മനസിലാക്കി തൂലിക ചലിപ്പിച്ച,എല്ലാ ദിവസവും താന്‍ റേഡിയോയില്‍ പറയുന്ന മുഖവുര പോലെ സത്തായ ഒരു പുസ്തകമാണ് ഏകരാഗം.
80കളില്‍ സിനിമാ പിന്നണി ഗാനരംഗത്ത് ഹിറ്റുകള്‍ സമ്മാനിച്ച നല്ലൊരു ഗായിക,നീണ്ട 25 വര്‍ഷങ്ങളായി അനേകായിരങ്ങളുടെ ഹൃദയ ത്തില്‍ ചിരപ്രതിഷ്ഠ നേടിയ റേഡിയോ അവതാരക,വൈദഗ്ധ്യമുള്ള മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ എന്നി നിലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിച്ച വനിതാ രത്നം.ജീവിതയാത്രയില്‍ തന്റേതായ ശൈലിയില്‍ സ്വന്തം പാത വെട്ടി തെളിച്ച് അതിലൂടെ കൂളായി നടന്നു നീങ്ങി,അനേ കായിരങ്ങള്‍ക്ക് ആശ്വാസവും ധൈര്യവും പോസിറ്റീവ് എനര്‍ജ്ജിയും പകരുന്ന മധുര ശബ്ധത്തിനുടമ.ആശാലതയുടെ ജീവിതത്തിന്റെ സത്തും സംഗ്രഹവുമാണ് ഏകരാഗം എന്ന ആത്മകഥ.
സത്യസന്ധതയും, നീതി ബോധവും, നിര്‍മ്മലമായ സ്നേഹവും എന്നാല്‍ അല്പം കാര്‍ക്കശ്യവും,ഉള്ളില്‍ കാത്തു സൂക്ഷിക്കുന്ന തെളിഞ്ഞ വ്യക്തിത്വം,അതാണ് ആശാലത എന്ന കലാകാരിയുടെ ,ഗായികയുടെ, എഴുത്തുകാരിയുടെ സ്വത്വം.
റേഡിയോയിലും സ്വകാര്യ ജീവിതത്തിലും ആശാലതയുടെ പൊട്ടിച്ചിരിയും,പ്രസരിപ്പും പോസിറ്റീവ് മനോഭാവവും,കൂസലില്ലായ്മയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ഏതൊരാളും ചിന്തിക്കും എത്ര ഭാഗ്യവതിയാണ് ഈ ആശാലത, ഒരു ദുഖവും ഇല്ലല്ലോ എന്ന്.എന്നാല്‍ ഏതൊരു സ്ത്രീക്കും,ഏതൊരു അമ്മയ്ക്കും,ഏതൊരു മകള്‍ക്കും ഉള്ളതു പോലെ അനേകം സങ്കടങ്ങളിലൂടെ തന്നെയാണ് ആശാലതയും കടന്നു പോയിട്ടുള്ളത്.
എന്നാല്‍ തന്റെ ജീവിതത്തില്‍ വന്നു ഭവിച്ച എല്ലാ തിക്താനുഭവങ്ങളോടുമുള്ള ആശാലതയുടെ സമീപനത്തിന്റെ പ്രത്യേകതയും അത് കൈകാര്യം ചെയ്ത ശൈലിയു മാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.സങ്കടങ്ങളോട് മാത്രമല്ല സന്തോഷങ്ങളോടും വളരെ മിതമായ,മൃദുവായ സമീപനമാണ് ആശേച്ചി എന്നും സ്വീകരിച്ചു വരുന്നത്.ഈ ചിരിയുടെയും പ്രസരിപ്പിന്റെയും പോസിറ്റീവ് എനര്‍ജ്ജി യുടെയും രഹസ്യവും അത് തന്നെ,ആ രഹസ്യമാണ് ആശാലത തന്റെ ആത്മകഥയിലൂടെ അനാവരണം ചെയ്യുന്നത്.

തീയിലാണ് കുരുത്തതാണ് വെയിലത്ത് വാടില്ല.
അക്ഷരങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ചിലസംഭവങ്ങളൊക്കെ മനസിന് അല്പം വിഷമം തരുന്നതാണ്.മാതാപിതാക്കള്‍ ആഗ്രഹിക്കാത്ത സമയത്ത് ഗര്‍ഭപാത്രത്തില്‍ ഉരുവായവള്‍,ഈ ഭ്രൂണം അമ്മയുടെ ജീവന് തന്നെ ആപത്താണെന്ന് തിരിച്ചറിഞ്ഞ് അമ്മയെ രക്ഷിക്കാന്‍ ബലിയര്‍പ്പിക്കാന്‍ വിധിക്കപ്പെടുന്നു.എന്നാല്‍ ആ കുഞ്ഞിനെകുറിച്ചുള്ള ദൈവത്തിന്റെ പ്ലാനും പദ്ധതിയും മറ്റൊന്നായിരുന്നു.
തന്നെ കൊല്ലാനായി ഗര്‍ഭപാത്രത്തില്‍ കലര്‍ന്ന വിഷദ്രാവകങ്ങളോട് അവള്‍ എങ്ങിനെയാണ് പടവെട്ടിയത്.???എത്രമാത്രം ശക്തിയോടെയാണ് പ്രതിരോധിച്ചത്???, ഗര്‍ഭപാത്രത്തിന്റെ ആഴങ്ങളില്‍ മുങ്ങിയൊളിച്ചും,ആ മാംസ ഭിത്തികളില്‍ മുഖമമര്‍ത്തി കുഞ്ഞികൈകള്‍ കൊണ്ട് പ്രതിരോധിച്ചും ഒറ്റയ്ക്ക് യുദ്ധം ചെയ്ത് സ്വന്തം ജീവന്‍ കൈയ്യില്‍ പിടിച്ച് വിജയശ്രീലാളിതയായി അവള്‍ ഭൂമിയിലേയ്ക്ക് വന്നു.
ജീവനെടുക്കുന്ന ആദ്യപരീക്ഷണത്തിന്റെ മാമോദീസ കഴിഞ്ഞു.ഇനി അഗ്‌നിയില്‍ ശുദ്ധീകരിക്കണം.അഗ്‌നിശുദ്ധിയാണ് പൂര്‍ണ്ണത നല്കുന്നത്. അങ്ങനെ അഗ്‌നിയിലും അവള്‍ ശുദ്ധീകരിക്കപ്പെട്ടു,ദേഹമാസകലം പൊള്ളലേറ്റ് മാസങ്ങളോളം വാഴയിലയില്‍ കിടന്ന ആ കുഞ്ഞു കടന്നു പോയ യാതനകള്‍ അചിന്തനിയമാണ്.പക്ഷെ ജഗദ്നിയന്താവിന്റെ തീരുമാനം അതായിരുന്നു.
കാരണം അവള്‍ കടന്നു പോകേണ്ട ജീവിതത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആ ബോധ സ്വരൂപന് അവളെ ഇങ്ങനെയൊരു പരീക്ഷയിലൂടെ പരിശീലിപ്പിച്ച് എടുക്കേണ്ടതുണ്ടായിരുന്നു.ആ കുഞ്ഞിന്റെ പിന്നിടുള്ള മരുഭൂമിയനുഭവങ്ങള്‍ നിറഞ്ഞ ജീവിതത്തെ ലാഘവത്തോടെ നേരിടാനുള്ള പരിശുദ്ധാത്മാഭിഷേകമായിരുന്നു ഈ അഗ്‌നി പരീക്ഷണം.പരീക്ഷണങ്ങള്‍ വിടാതെ പിന്തുടര്‍ന്ന ശൈശവവും ബാല്യവും കൗമാരവും യൗവനവും.
ബാല്യാരിഷ്ടതകള്‍ ഒരു വിധം പിന്നിട്ടു,പിന്നിട് കുട്ടിക്കുറുമ്പുകളും കുസൃതികളും കാട്ടിനടന്ന കുഞ്ഞു ആശാലത മര്‍ഫി റേഡിയോയിലെ പാട്ടുകള്‍ക്കൊപ്പം മൂളിപ്പാട്ടുപാടി,ദേ ഞാനൊരു വല്യഗായികയാണെന്ന് മാതാപിതാക്കളോട് പ്രഖ്യാപിക്കുന്നു.പാട്ടിന്റെ കൈവിരല്‍ തുമ്പില്‍ പിടിച്ച് അന്ന് തുടങ്ങിയ യാത്ര ഇതാ ഇവിടെ വരെ എത്തി നില്‍ക്കുമ്പോള്‍ കടന്നു പോയ പാതകളിലെ കല്ലും മുള്ളുകളും അതിന്റെ മൂര്‍ച്ച കുറച്ച് സ്നേഹത്തിന്റെ ചന്ദനതൈലം കൊണ്ട് വളരെ മൃദുലമാക്കി ആര്‍ക്കു വേദനിക്കാതെയാണ് അനാവരണം ചെയ്തിരിക്കുന്നത്.
ഗര്‍ഭപാത്രം മുതല്‍ ഈ നിമിഷം വരെ ജീവനും ജീവിതത്തിനുമായി ഒറ്റയ്ക്കു പടവെട്ടിയവളുടെ താളരാഗ നിബദ്ധമായ ജീവിതം വായിച്ചു പോകുമ്പോള്‍ ആശേച്ചിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ തേന്‍മുള്ളു കൊണ്ട് നെഞ്ചില്‍ കുത്തുന്ന ഒരു മധുര നൊമ്പരം അനുഭവിക്കുക തന്നെ ചെയ്യും.
ജീവിതത്തെ ആകെ ഉലച്ചു കളഞ്ഞ അച്ഛന്റെ വേര്‍പാടില്‍ നിന്നും ജീവിതത്തെ പിടിച്ചു നിര്‍ത്താനുള്ള പറക്കമുറ്റാത്ത ഒരു പെണ്‍കുട്ടിയുടെ ശ്രമം,ഉറയ്ക്കാത്ത ചിറകുമായി പറക്കാന്‍ ആത്മധൈര്യം കാണിക്കുന്ന പക്ഷികുഞ്ഞിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.
അന്നും ഇന്നും എന്നും ശബ്ധമാണ് ഈ കലാകാരിയുടെ ജീവിതവും ജീവനും.അച്ഛനെന്ന തണലിന്റെ തീരാനഷ്ടത്തില്‍ നിന്നും കൈവിട്ടുപോയ ദാമ്പത്യത്തിന്റെ കയ്പില്‍ നിന്നും,പാട്ടുകാരിയാകണം എന്ന നടക്കാതെ പോയ മോഹഭംഗത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സ്വന്തം മകനെയും അമ്മയേയും ചേര്‍ത്തുപിടിച്ചുള്ള ജീവിത സമരത്തില്‍ മാത്രമല്ല,കൈവച്ച എല്ലാ മേഖലയിലും വിജയം കൈവരിച്ച അഭിമാനിയായ,കഠിനാദ്ധ്വാനിയായ,ഒരു സ്ത്രീയുടെ കഥയാണ് ഏകരാഗം.
പാട്ടുകാരിയില്‍ നിന്നും പറച്ചിലുകാരിയിലേയ്ക്കുള്ള ചുവടുമാറ്റം
സംഗീതത്തിന്റെ ചിറകിലേറി ആകാശത്തിന്റെ അനന്തതയില്‍ പറന്നു നടക്കാനാഗ്രഹിച്ച ഈ വാനമ്പാടിക്ക് ഇടയ്ക്കു വച്ച് പാട്ടിനോട് വിടപറയേണ്ടി വരുന്നു.പിന്നിട് ഉപജീവനത്തിനായുള്ള പ്രവാസ ജീവിതം,ശേഷം ആകാശവാണി അവതാരകയിലേയ്ക്കുള്ള ചുവടു മാറ്റം,പിന്നിട് ജനഹൃദയങ്ങളില്‍ ചേച്ചിയും അമ്മയും സഹോദരിയും കൂട്ടുകാരിയും എല്ലാമായുള്ള പരകായ പ്രവേശം.ജീവിക്കാന്‍ വേണ്ടി എന്ന കാരണം പറഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ എന്തു പേക്കൂത്തും കാണിച്ചു കൂട്ടുന്ന ചിലരൊക്കെ ഇങ്ങനെയും ജീവിക്കാമെന്ന് ആശാലതയെ കണ്ടു പഠിക്കണം.
പാട്ടുകാരി പറച്ചിലുകാരിയായപ്പോള്‍ പാട്ടും പറച്ചിലും ചേര്‍ത്ത് പുതിയൊരു പാറ്റേണ്‍ ഉണ്ടാക്കി അതിലൂടെ അനേകം പേര്‍ക്ക് സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നു കൊണ്ട് നീണ്ട 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.സാധാരണ ആത്മകഥകളില്‍ കാണുന്നതു പോലെ തന്റെ ഇന്നലകളെ നൊമ്പരപ്പെടുത്തിയ എല്ലാറ്റിനേയും തുറന്നു പറഞ്ഞ് ഒരു സഹതാപതരംഗം സൃഷ്ടിക്കുകയല്ല എഴുത്തുകാരി, ചെയ്യുന്നത്, പകരം അതില്‍ നിന്നും ഉള്‍ക്കൊണ്ട ആത്മധൈര്യത്തിന്റയും ഉള്‍കാഴ്ചകളുടെയും ജീവിതദര്‍ശനങ്ങള്‍ തന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് പകര്‍ന്നു നല്കുകയാണ് ഏകരാഗം എന്ന തന്റെ ആത്മകഥയിലൂടെ.
ഇതൊരു തുറന്നു പറച്ചിലാണോ എന്ന് ചോദിച്ചാല്‍ അല്ലാ എന്ന് തന്നെ പറയാം.ഒരു തുറവി കൊണ്ട് തനിക്കും വായനക്കാര്‍ക്കും,തനിക്ക് ചുറ്റുമുള്ളവര്‍ക്കും പ്രയോജനം ചെയ്യാത്ത ചിലയിടങ്ങളിലൊക്കെ ചെറിയ പരാമര്‍ശം മാത്രം നടത്തി പുഞ്ചിരിയോടെ മൗനം പാലിച്ച നടന്നു നീങ്ങുകയാണ് ഈ എഴുത്തുകാരി.
ശക്തിയുടെ പ്രതീകമായ ഫീനിക്സ് പക്ഷിയുടെ പ്രതിരൂപം ഉള്ളില്‍ സൂക്ഷിക്കുന്ന തിലൂടെ ഏത് ദുര്‍ഘട ഘട്ടങ്ങളെയും അതി ജീവിക്കാനുള്ള മനോധൈര്യവും ഉന്നതിയിലേക്കും പ്രശസ്തിയിലേക്കും നടന്നു കയറാനുള്ള കഴിവും സ്വായത്തമാവുമെന്നാണ് പറയുന്നത്. എന്നാല്‍ സ്വയം ഫീനിക്സ് പക്ഷിയായി ഉയരങ്ങളിലേയ്ക്ക് ഉയര്‍ന്നു പറക്കുന്ന ഈ പക്ഷിയുടെ ആത്മകഥ ഏതൊരാള്‍ക്കും ഉയര്‍ന്നു പറക്കാനുള്ള ആത്മധൈര്യം നല്കും എന്നതില്‍ സംശയമില്ല.
അതിശയിപ്പിക്കുന്ന എഴുത്താണ് ആശാലതയുടെത്. അതിലെ ഓരോ വരികളുടെയും ആഴവും പരപ്പും ശുദ്ധതയും മലയാള സാഹിത്യത്തിന്റെ മാധുര്യം വിളിച്ചോതുന്നു.
എഴുത്തുകാരിയുടെ ആത്മാവിനൊപ്പം വായനക്കാരും സഞ്ചരിച്ചു തുടങ്ങുന്നു. ഒരു റിജക്ട്ഡ് ചൈല്‍ഡിന്റെ ഞാന്‍ ആരാണ് എന്ന് അന്വേഷിച്ചു തുടങ്ങുന്ന ആത്മാവ് ഒടുവില്‍ സ്വയം കണ്ടെത്തലിന്റെ ആത്മീയ പാതയിലൂടെ നടന്നു കയറുമ്പോള്‍ ആശാലതയെ പോലെ വായനക്കാരും അവനവനെ തന്നെ കണ്ടെത്തുകയും അവനവനെ തന്നെ,തന്റെ ഏറ്റവും അടുത്ത സഖിയായി,തെരഞ്ഞെടുക്കുകയും ചെയ്യുന്നു.സ്വന്തം തോളില്‍ തട്ടി സാരമില്ല ആശാലതേ എന്ന് പറയുന്നതിനൊപ്പം വായനക്കാരും സ്വന്തം തോളില്‍ ചാരി ആശ്വസിക്കാന്‍ പഠിക്കുന്നു.
.”വന്നു ഭവിച്ച എല്ലാ പ്രതികൂല സാഹചര്യങ്ങളും സ്വയം തിരിച്ചറിയാനുള്ള അവസരമായാണ് ഉപയോഗിച്ചത്.അതു കൊണ്ട് തന്നെ ജീവിതം സ്വസ്ഥമായി’എന്നും ആശാലത പറഞ്ഞു വയ്ക്കുമ്പോള്‍ സ്വയമൊരു വിചിന്തനത്തിന് വായനക്കാരും തയ്യാറാവും.ഒരു സിനിമാ പിന്നണി ഗായികയില്‍ നിന്നും, റേഡിയോ അവതാരകയില്‍ നിന്നും സാധാരണ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു ആത്മകഥയില്‍ നിന്നും വ്യത്യസ്തമാ യാണ് ആശാലത തന്റെ ജീവിതം പറഞ്ഞു പോകുന്നത്. വായിക്കുന്നവര്‍ക്ക് പ്രയോജനപ്പെടാത്ത ഒന്നും അതിലില്ല. തന്റെ തന്നെ ജീവിതത്തിലൂടെ താന്‍ കണ്ടെത്തിയ,ജീവിച്ച,ഔന്നത്യം നിറഞ്ഞ പോസിറ്റീവ് ചിന്തകള്‍ക്കൊപ്പമാണ് ആശാലത ജീവിതം പങ്കു വയ്ക്കുന്നത്.
നിത്യ ജീവിതത്തിന്റെ അഴിയാകുരുക്കുകള്‍ അഴിച്ചും പുതിയ പുതിയ പാതകള്‍ മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളികള്‍ അതിജീവിച്ചും ചിരിയോടെ ഉറച്ച കാല്‍വയ്പ്പുമായി നടന്നു പോകുന്ന ആശാലതയെ വായിക്കപ്പെടുക തന്നെ വേണം. വഴിയില്‍ കണ്ടുമുട്ടിയ ആരുടെയും ധാരണയില്‍ കുടുങ്ങിപോകാത്ത വിശാലമായ ധാരണകളിലേയ്ക്ക് ഉയര്‍ന്നു പോകുന്ന ഒരു ബോധപ്രകാശമാണ് ഏകരാഗം പകര്‍ന്നു നല്കുന്നത്.
റേഡിയോ എന്ന മാധ്യമത്തിലൂടെ ഇത്രയേറെ ആളുകള്‍ക്ക ശബ്ദം കൊണ്ടു മാത്രം സാന്ത്വനം പകരാന്‍ കഴിഞ്ഞ വ്യക്തിയുടെ എഴുത്തിലൂടെയുള്ള ധൈര്യപ്പെടുത്തലാണ് ഏകരാഗം എന്ന് കൂടി കൂട്ടി ചേര്‍ക്കേണ്ടിയിരിക്കുന്നു.
ലോഗോസ് ബുക്‌സണ് ഏകരാഗത്തിന്റെ പ്രസാധകര്‍.ആമസോണില്‍ നിന്നും പുസ്തകം ലഭ്യമാണ്.200 രൂപയാണ് പുസ്തകത്തിന്റെ വില.
………………………………………………………..
മലയാളിപത്രം നിങ്ങളുടെ കൈവിരല്‍ തുമ്പില്‍ …അതിനായി താഴയെുള്ള ലിങ്കുകള്‍ സന്ദര്‍ശിച്ച് സബ്‌സ്‌ക്രൈബ് ചെയ്യുക
✅മലയാളി പത്രത്തിന്റെ നാലാമന്‍ യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കാന്‍
https://youtube.com/@nalamanmediahouse?si=2LxTyJuYyIhVBrcq
✅മലയാളി പത്രം ഫേസ് ബുക്ക് ലിങ്ക്
facebook.com/malayaleepathram
✅മലയാളിപത്രം വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍
https://chat.whatsapp.com/DQGBuc175EG2KUS7yyIxh

