പാറക്കെട്ടിലിരുന്ന് മീൻപിടിക്കുന്നതിനിടെ അപകടം;തിരമാലയിൽപ്പെട്ട് രണ്ട് പേർ മരിച്ചു

സിഡ്നി: എൻ.എസ്.ഡബ്ല്യു സെൻട്രൽ കോസ്റ്റിൽ പാറക്കെട്ടിലിരുന്ന് മീൻപിടിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. സിഡ്നിയിലെ ബിക്രോഫ്റ്റ് സ്വദേശികളായ 47-ഉം 67-ഉം വയസ്സുള്ള പുരുഷന്മാരാണ് മരിച്ചത്. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഇന്നലെ വൈകുന്നേരം 4.20 ഓടെ ബൗഡിയിലെ ലിറ്റിൽ ബീച്ചിൽ ഒരാൾ വെള്ളത്തിൽ മുഖം താഴ്ത്തി കിടക്കുന്നത് കണ്ടതിനെത്തുടർന്ന് പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. സർഫിംഗ് നടത്തിയിരുന്നവർ ഇയാളെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പം മറ്റൊരാൾ കൂടി മീൻപിടിക്കാൻ ഉണ്ടായിരുന്നെന്ന വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി എട്ടു മണിയോടെ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

കടലിലെ പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും കാരണം പോളയർ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ഇവരുടെ മീൻപിടുത്ത ഉപകരണങ്ങൾ കണ്ടെടുത്തു. രാവിലെ മീൻപിടുത്തം ആരംഭിച്ച സമയത്ത് ശാന്തമായിരുന്ന കടൽ പിന്നീട് പെട്ടെന്ന് പ്രക്ഷുബ്ധമാവുകയായിരുന്നുവെന്ന് ആക്ടിംഗ് ഇൻസ്പെക്ടർ റിച്ചാർഡ് നിക്കോൾസൺ പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ വിനോദങ്ങളിലൊന്നാണ് പാറക്കെട്ടിലിരുന്നുള്ള മീൻപിടുത്തമെന്നും കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ദുരന്തം വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.എസ്.ഡബ്ല്യു നിയമപ്രകാരം ഇത്തരത്തിൽ മീൻപിടിക്കുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കുക എന്നത് നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് 100 ഡോളർ പിഴ ഈടാക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *