സൗദിയില്‍ ബിനാമി ബിസിനസ് കേസുകളില്‍ പ്രവാസികള്‍ അടക്കം 60 പേരെ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രത്യേക കോടതികളാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 5,000 റിയാല്‍ മുതല്‍ രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തി. 20 ലക്ഷത്തിലേറെ റിയാലാണ് പിഴ ചുമത്തിയത്. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിയ എട്ടു പ്രവാസികളെയും ബിനാമി സ്ഥാപനങ്ങള്‍ നടത്താന്‍ വിദേശികള്‍ക്ക് കൂട്ടുനിന്ന 52 സൗദി പൗരന്മാരെയുമാണ് ശിക്ഷിച്ചത്.
നിയമവിരുദ്ധ ബിസിനസിലൂടെ സമ്പാദിച്ച പണവും സമ്പത്തും കണ്ടുകെട്ടാനും സ്ഥാപനങ്ങള്‍ അടപ്പിക്കാനും വിധിയുണ്ട്. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തും. ഇവര്‍ക്ക് പിന്നീടൊരിക്കലും രാജ്യത്തേക്ക് തിരിച്ചുവരാനാകില്ല. കുറ്റക്കാരായ സ്വദേശികള്‍ക്ക് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
റിയാദ്, മദീന, മക്ക, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ കോണ്‍ട്രാക്ടിങ്, റിയല്‍ എസ്റ്റേറ്റ്, സ്പെയര്‍ പാര്‍ട്സ്, വര്‍ക്ക് ഷോപ്പ്, മിനിമാര്‍ക്കറ്റുകള്‍, കന്നുകാലി കച്ചവടം, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, അലൂമിനിയം, സ്റ്റീല്‍, ആക്രി, സ്റ്റേഷനറി, ഫര്‍ണിച്ചര്‍, ക്യാമറ, ടെക്സ്‌റ്റൈല്‍സ്, ജനറല്‍ സര്‍വീസ് അടക്കമുള്ള മേഖലയില്‍ ബിനാമി സ്ഥാപനങ്ങള്‍ നടത്തിയവരെയും ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്തവരെയുമാണ് കോടതികള്‍ ശിക്ഷിച്ചത്.

