കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചത് 10 കുറ്റങ്ങള്‍ റദ്ദാക്കിക്കൊണ്ട്. ഐപിസി 120 (ബി) അനുസരിച്ചുള്ള ക്രിമിനല്‍ ഗൂഢാലോചനാ കുറ്റമാണ് ഇതില്‍ പ്രധാനം. ദിലീപിനെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസിന്റെ വിധി. ദിലീപിനെ വെറുതെ വിടാന്‍ കാരണമായതടക്കം ഉത്തരവിന്റെ വിശദരൂപം കേസില്‍ ശിക്ഷ വിധിക്കുന്ന ഈ മാസം 12ന് പുറത്തുവിടും.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികളെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇവരുടെ ജാമ്യം റദ്ദാക്കി വിയ്യൂര്‍ ജയിലിലേക്കു മാറ്റി. ഇവര്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ദിലീപിനെതിരെയും ചുമത്തിയിരുന്നു. ഇതിനു പുറമെ ദിലീപിനെതിരെ ഐപിസി 201, 204 അനുസരിച്ച് തെളിവു നശിപ്പിക്കലിന് ചുമത്തിയിരുന്ന കുറ്റങ്ങളും റദ്ദാക്കിയതില്‍ ഉള്‍പ്പെടും. 120 (ബി), 342, 354, 354 (ബി), 357, 376 (ഡി), ഐടി ആക്ടിലെ 66 (ഇ), 67 (എ) എന്നീ വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമണം, കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, തെളിവു നശിപ്പിക്കല്‍, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ ചിത്രമോ ദൃശ്യമോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇവ. ഇതിനു പുറമെയാണ് ഇലകട്രോണിക് തെളിവുകള്‍ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തിയിരുന്നത്. ഏഴാം പ്രതി ചാര്‍ലി തോമസിനെതിരെ പ്രതിയെ ഒളിപ്പിച്ചതിനും രക്ഷപ്പെടാന്‍ സഹായിച്ചതിനുമുള്ള കുറ്റവും ഒമ്പതാം പ്രതി സനില്‍ കുമാറിനെതിരെ ക്രിമിനല്‍ ഗൂഢാലോചന, പ്രേരണാക്കുറ്റം, ഭീഷണിപ്പെടുത്തല്‍ എന്നിവയും പതിനഞ്ചാം പ്രതി ശരത്തിനെതിരെ തെളിവ് നശിപ്പിക്കലിനുള്ള കുറ്റവുമാണ് ചുമത്തിയിരുന്നത്.
ഇതില്‍ ഒമ്പതാം പ്രതി സനില്‍ കുമാര്‍ എന്ന മേസ്തിരി സനില്‍ നിലവില്‍ ജയിലില്‍ തന്നെയാണ്. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സനില്‍ പോക്സോ കേസില്‍ പ്രതിയായിരുന്നു. പോക്സോ കേസില്‍ പിടികൊടുക്കാതെ മുങ്ങി നടന്ന സനില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണാ നടപടികളിലും എത്താതെ വന്നതോടെ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഇന്ന് ജയിലില്‍ നിന്നാണ് സനില്‍ കുമാറിനെ കോടതിയിലെത്തിച്ചത്.

