നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്ക്; അപകടം തേനിയിൽ വെച്ച്

തേനി: പ്രമുഖ ചലച്ചിത്ര നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു. തമിഴ്‌നാട്ടിലെ തേനിയിൽ വെച്ച് വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. റിയാസ് പത്താനും മകനും സഞ്ചരിച്ചിരുന്ന കാർ റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ആലപ്പുഴയിലെ വീട്ടിൽ നിന്നും പുലർച്ചെ നാല് മണിക്ക് യാത്ര തിരിച്ചതായിരുന്നു ഇവർ. തേനി എത്തുന്നതിന് തൊട്ടുമുമ്പ് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റിയാസ് പത്താൻ ഇരുന്ന ഭാഗത്തേക്കാണ് കാർ ഇടിച്ചു കയറിയത്. മകൻ അജ്മൽ റിയാസാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ 108 ആംബുലൻസിൽ ഇരുവരെയും ആദ്യം തേനി താലൂക്ക് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വൈകിട്ടോടെ വൈക്കം ഇൻഡോ-അമേരിക്കൻ ഹോസ്പിറ്റലിലേക്ക് മാറ്റി.

‘ഫ്ലാറ്റ് നമ്പർ 4 ബി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ റിയാസ് പത്താൻ കായംകുളം കൊച്ചുണ്ണി, ക്ലിന്റ്, റാണി, കന്നഡ ചിത്രമായ ഗഡിയാറ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്സിലൂടെ പുറത്തിറങ്ങിയ ‘രണ്ടാം മുഖം’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. രണ്ട് സിനിമകളുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലാണ് അപകടം സംഭവിച്ചത്. അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നും ഉടൻ ആശുപത്രി വിടാൻ സാധിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *