കൊച്ചി : സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് (69) ഓര്‍മയായി. രോഗബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മൃതദേഹം താലൂക്ക് ആശുപത്രിയില്‍. മൃതദേഹം തൃപ്പൂണിത്തുറയിലെ വീട്ടിലേക്ക് കൊണ്ടുപോയതിനു ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിക്കും സംസ്കാരം പിന്നീട്. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന് (സംവിധായകന്, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകന്), ധ്യാന്‍ ശ്രീനിവാസന് (സംവിധായകന്, അഭിനേതാവ്). മരുമക്കള്‍: ദിവ്യ, അര്‍പ്പിത.

