നടിയെ ആക്രമിച്ച കേസ്; രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റ വിമുക്തനാക്കിയ വിധി വന്നതോടെ സമിശ്ര പ്രതികരണങ്ങളാണ് സമൂഹത്തില്‍ നിന്നും ഉയരുന്നത്. നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ ദിലീപിനെ പിന്തുണച്ച അടൂര്‍ പ്രകാശ് നിലപാട് മാറ്റി.

അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു.താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്നും കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദിലീപിനെ ദ്രോഹിക്കാന്‍വേണ്ടിയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞത് വിവാദമായിരുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോസിക്യൂഷന്‍ കേസ് നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.

അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കി. ഇനിയും അത് തുടരും. അടൂര്‍ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല.

ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിജീവിതയ്‌ക്കൊപ്പം, സര്‍ക്കാര്‍ അപ്പീലിന് പോകുന്നതാണ് ശരിയെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതില്‍ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്.ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല.നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകും. നിയമനടപടികള്‍ നടക്കട്ടെ.- ശശി തരൂര്‍ പറഞ്ഞു.

നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന്, യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂ എന്നായിരുന്നു തരൂരിന്റെ മറുപടി.

ദിലീപിന് നീതി ലഭിച്ചുവെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു

നടി അനുഭവിച്ച പീഡനം.അവര്‍ എടുത്ത നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടാണ് പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചതെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മന്ത്രി വി.ശിവന്‍കുട്ടി. അടൂര്‍ പ്രകാശിന്റെ അഭിപ്രായമല്ല ഇടതുപക്ഷത്തിന്റേത് അടൂര്‍ പ്രകാശിന്റെ അഭിപ്രായം അവരുടെ പാര്‍ട്ടിയുടെ അഭിപ്രായം ആയിരിക്കും. പക്ഷേ സര്‍ക്കാര്‍ ഈ കേസില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *