ഓസ്‌ട്രേലിയയിൽ ദത്തെടുക്കൽ നിരക്ക് കുത്തനെ താഴോട്ട്; അയ്യായിരത്തോളം കുട്ടികൾ സ്ഥിരമായ വീടുകളില്ലാതെ ഹോസ്റ്റലുകളിൽ

മെൽബൺ: ഓസ്‌ട്രേലിയയിൽ ദത്തെടുക്കൽ (Adoption) നിരക്കിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയറിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം ദത്തെടുക്കൽ നിരക്കിൽ 41 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തുടനീളം അയ്യായിരത്തോളം കുട്ടികൾ സ്ഥിരമായ ഒരു വീടില്ലാതെ ഇൻസ്റ്റിറ്റ്യൂഷണൽ ഹൗസിംഗുകളിൽ കഴിയേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

2020-21 കാലയളവിൽ 260 കുട്ടികൾ ദത്തെടുക്കപ്പെട്ടിരുന്ന സ്ഥാനത്ത് 2024-25ൽ ഈ സംഖ്യ വെറും 155 ആയി കുറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ദത്തെടുക്കൽ പകുതിയോളം കുറഞ്ഞു. കഴിഞ്ഞ വർഷം തായ്ലൻഡ്, തായ്‌വാൻ, ഇന്ത്യ, കൊളംബിയ, ഹോങ്കോംഗ്, ദക്ഷിണ കൊറിയ എന്നീ ആറ് രാജ്യങ്ങളിൽ നിന്നായി വെറും 19 കുട്ടികളെ മാത്രമാണ് ഓസ്‌ട്രേലിയക്കാർ ദത്തെടുത്തത്. ആഭ്യന്തര ദത്തെടുക്കലുകളിൽ ഭൂരിഭാഗവും (80%) കുട്ടിയുമായി നേരത്തെ പരിചയമുള്ളവർ തന്നെ ദത്തെടുക്കുന്ന രീതിയാണ്. എന്നാൽ ഇത്തരത്തിലുള്ള ദത്തെടുക്കലുകളിലും 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.

1970-കളുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്‌ട്രേലിയയിലെ ദത്തെടുക്കൽ നിരക്ക് 98 ശതമാനം ഇടിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 80-കളിലും 90-കളിലും വന്ന ഓപ്പൺ അഡോപ്ഷൻ നിയമങ്ങളും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളെ ദത്തെടുക്കാൻ താല്പര്യമുള്ളവർ ഏറെയുണ്ടെങ്കിലും, കുട്ടികൾക്ക് സ്ഥിരമായ ഒരു കുടുംബം ഉറപ്പാക്കുന്ന തരത്തിലുള്ള കൃത്യമായ പ്ലാനിംഗുകളുടെ അഭാവമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ‘അഡോപ്റ്റ് ചേഞ്ച്’ ചീഫ് എക്സിക്യൂട്ടീവ് റെനി ലെയ്ഗ് പറഞ്ഞു.

സ്ഥിരതയില്ലാത്തതിനാൽ ഫോസ്റ്റർ കെയറിനോട് (Foster care) പലർക്കും താല്പര്യമില്ലാത്തതും മറ്റൊരു വെല്ലുവിളിയാണ്. ദത്തെടുക്കൽ നടപടികളിലെ സങ്കീർണ്ണതകൾ കാരണം പല കുടുംബങ്ങളും ഇപ്പോൾ വാടകഗർഭധാരണത്തെ (Surrogacy) ആശ്രയിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുട്ടികളുടെ ഭാവി മുൻനിർത്തി ഈ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *