യുദ്ധഭൂമിയിലേയ്ക്ക് ഏറ്റവും നൂതനമായ നിരീക്ഷണ വിമാനം അയക്കാനൊരുങ്ങി ഓസ്‌ട്രേലിയ

മെൽബൺ: ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഓസ്‌ട്രേലിയയുടെ ഏറ്റവും കരുത്തുറ്റ സൈനിക വിമാനങ്ങളിലൊന്നായ ഇ-7എ വെഡ്‌ജ്‌ടെയിൽ (E-7A Wedgetail) മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (UAE) പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഈ സുപ്രധാന നീക്കമെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് സ്ഥിരീകരിച്ചു. നിരീക്ഷണ വിമാനത്തിനൊപ്പം ആധുനികമായ ഇടത്തരം ദൂര എയർ-ടു-എയർ മിസൈലുകളും (Advanced medium-range air-to-air missiles) ഓസ്‌ട്രേലിയ വിന്യസിക്കുന്നുണ്ട്.

നാല് ആഴ്ചത്തെ പ്രത്യേക ദൗത്യത്തിനായാണ് വിമാനം അയക്കുന്നത്. ചൊവ്വാഴ്ച ഓസ്‌ട്രേലിയയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഈ ആഴ്ച അവസാനത്തോടെ മിഡിൽ ഈസ്റ്റിൽ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതിരോധ വകുപ്പ് നൽകുന്ന വിവരം. വിമാനത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക സഹായത്തിനുമായി ഏകദേശം 85 ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്സ് (ADF) ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം യാത്ര തിരിക്കും.

മേഖലയിലുടനീളം ഇറാൻ തുടർച്ചയായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുഎഇ സഹായം തേടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ, യുഎഇ, തുർക്കി എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ എത്തിയ നിരവധി മിസൈലുകൾ ആകാശത്തുവെച്ച് തന്നെ തകർത്തിരുന്നു. മേഖലയിലെ വ്യോമ സുരക്ഷ ശക്തമാക്കുന്നതിനും ശത്രുനീക്കങ്ങൾ മുൻകൂട്ടി നിരീക്ഷിക്കുന്നതിനും വെഡ്‌ജ്‌ടെയിൽ വിമാനത്തിന്റെ സാന്നിധ്യം നിർണ്ണായകമാകും. സമുദ്ര-വ്യോമ പാതകളിലെ സുരക്ഷ ഉറപ്പാക്കാനും സഖ്യകക്ഷികൾക്ക് കൃത്യമായ വിവരങ്ങൾ കൈമാറാനും ഈ വിമാനത്തിന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *