വാഷിംഗ്ടൺ: അരനൂറ്റാണ്ടിനു ശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കു യാത്ര തിരിക്കുന്നു. നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് II (Artemis II), 2026 ഫെബ്രുവരി ആദ്യവാരത്തോടെ വിക്ഷേപിക്കാനാണു ലക്ഷ്യമിടുന്നത്. 1972ലെ അപ്പോളോ 17ന് ശേഷം ഇതാദ്യമായാണ് മനുഷ്യന് ഭൂമിയുടെ ഭ്രമണപഥം കടന്ന് (Deep Space) സഞ്ചരിക്കുന്നത്.
10 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ സഞ്ചാരികള്‍ ചന്ദ്രനില്‍ ഇറങ്ങില്ല. പകരം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്കു മടങ്ങും. മനുഷ്യര്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഓറിയോണ്‍ പേടകം പ്രാപ്തമാണോ എന്നു പരിശോധിക്കും. ബഹിരാകാശത്തു പേടകം നിയന്ത്രിക്കുന്നതും ദിശ മാറ്റുന്നതും പരീക്ഷിച്ച് നോക്കും. ചന്ദ്രന്റെ 7,400 കിലോമീറ്റര്‍ വരെ അടുത്തെത്തുന്ന ഈ യാത്രയില്‍ വികിരണങ്ങളെയും പേടകത്തിന്റെ സുരക്ഷാസംവിധാനങ്ങളെയും കുറിച്ചു പഠിക്കും,എന്നത് ആണ് ദൗത്യത്തിന്റെ ലക്ഷ്യം.

