യുഡിഎഫില്‍ നിയമസഭാ സീറ്റുകള്‍ വച്ചുമാറാന്‍ ഏകദേശ ധാരണയായി. കോതമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പെരുമ്പാവൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാണ് പ്രാഥമിക ധാരണ. കഴിഞ്ഞതവണ മത്സരിച്ചവര്‍ പരസ്പരം സീറ്റുകള്‍ മാറി മത്സരിക്കാനും നിലവില്‍ ധാരണയായിട്ടുണ്ട്. ഇത് പ്രകാരം മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ കോതമംഗലത്തും കഴിഞ്ഞതവണ കോതമംഗലത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ഷിബു തെക്കുംപുറം പെരുമ്പാവൂരും പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മൂവാറ്റുപുഴയിലും മത്സരിക്കും.
മൂന്നുപേര്‍ക്കും കഴിഞ്ഞതവണ മത്സരിച്ച മണ്ഡലത്തിലുള്ള നെഗറ്റീവ് വോട്ടുകള്‍ ഇതുവഴി മറികടക്കാന്‍ ആകും എന്നാണ് യുഡിഎഫ് കണക്കൂട്ടുന്നത്. എന്നാല്‍ ഈ മൂന്നില്‍ ഒരു സീറ്റില്‍ എങ്കിലും സീറോ മലബാര്‍ സഭയില്‍ പെട്ട ഒരാളെ നിര്‍ത്തണമെന്നുള്ള സഭയുടെ ആവശ്യം എങ്ങനെ പരിഹരിക്കുമെന്ന ചിന്തയിലാണ് യുഡിഎഫ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോസഫിനെ കോതമംഗലത്ത് മത്സിപ്പിക്കാന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോക്കം പോയി.
മൂവാറ്റുപുഴ മണ്ഡലത്തില്‍ ചില പ്രാദേശിക കൊണ്‌ഗ്രെസ്സ് നേതാക്കള്‍ക്ക് കുഴല്‍നാടന്‍ എംഎല്‍എ യോട് ഉള്ള എതിര്‍പ്പും എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയോട് മണ്ഡത്തില്‍ ആകമാനമുള്ള വിരുദ്ധ വികാരവും കോതമംഗലം മണ്ഡലം ഏറ്റെടുക്കണം എന്നുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യവും കഴിഞ്ഞതവണത്തെ കോതമംഗലത്തെ തോല്‍വിയും ആണ് യുഡിഎഫിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. മണ്ഡലം മാറി മത്സരിക്കുന്നതിലൂടെ ഇതിനെ മറികടക്കാന്‍ സാധിക്കും എന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്..

