വ്യോമസേനയുടെ കെ-2-കെ സൈക്കിൾ റാലിക്ക് ആക്കുളത്ത് തുടക്കമായി; 4,535 കിലോമീറ്റർ താണ്ടി ഒക്ടോബറിൽ കാർഗിലിലെത്തും

തിരുവനന്തപുരം: രാജ്യത്തിന്റെ അഖണ്ഡത, കായിക ക്ഷമത, സാഹസികത എന്നീ സന്ദേശങ്ങൾ ഉയർത്തിക്കൊണ്ട് ഇന്ത്യൻ വ്യോമസേന സംഘടിപ്പിക്കുന്ന ‘കെ-2-കെ’ (കന്യാകുമാരി മുതൽ കാർഗിൽ വരെ) സൈക്കിൾ റാലിക്ക് ആക്കുളം ദക്ഷിണ വ്യോമസേനാ കേന്ദ്രത്തിൽ ഉജ്ജ്വല തുടക്കം. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന റാലി ഫ്ലാഗ് ഓഫ് ചെയ്തു.

ഗ്രൂപ്പ് ക്യാപ്റ്റൻ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ഈ സാഹസിക യാത്രയിൽ പങ്കെടുക്കുന്നത്. രാജ്യത്തെ വിവിധ വ്യോമസേനാ കേന്ദ്രങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കാശ്മീരിലെ കാർഗിൽ വരെ നീളുന്ന റാലിയിൽ ഏകദേശം 4,535 കിലോമീറ്റർ ദൂരമാണ് ഇവർ സൈക്കിളിൽ പിന്നിടുന്നത്.

വ്യത്യസ്തമായ ഭൂപ്രകൃതിയിലൂടെയും കാലാവസ്ഥയിലൂടെയും കടന്നുപോകുന്ന ഈ യാത്ര ഒക്ടോബർ 22-ന് കാർഗിലിലെ യുദ്ധസ്മാരകത്തിൽ സമാപിക്കും. വ്യോമസേനാംഗങ്ങൾക്കിടയിൽ സാഹസികത വളർത്തുന്നതിനൊപ്പം രാജ്യത്തെ യുവാക്കൾക്കിടയിൽ വ്യോമസേനയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഈ റാലി ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *