ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. വിമാനക്കമ്പനിയിലെ പൈലറ്റായ വീരേന്ദർ സെജ്‌വാളിനെതിരെയാണ് നടപടി. ഇന്നലെ ടെർമിനൽ ഒന്നിലെ സെക്യൂരിറ്റി ചെക്കിങ് പോയിന്റിൽ വെച്ചാണ് സംഭവം നടന്നത്. വരി തെറ്റിച്ചു കടന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യാത്രക്കാരനായ അങ്കിത് ധവാൻ പൈലറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമാനക്കമ്പനിയെ പരാതി അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതും സസ്പെൻഷൻ നടപടിയുണ്ടായതും. സംഭവത്തിൽ ഡൽഹി പൊലീസിന് ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും, യാത്രക്കാരൻ പരാതി നൽകിയാൽ ഉടൻ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

