മുംബൈ: രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് ആശങ്കയേകി എയർ ഇന്ത്യയുടെ നഷ്ടം വർധിക്കുന്നു. ഈ സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന നഷ്ടം 15,000 കോടി രൂപയ്ക്കു മുകളിലാണെന്നാണു റിപ്പോര്‍ട്ട്.
അഹമ്മദാബാദ് വിമാനദുരന്തവും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്ന് വ്യോമപാത അടച്ചതുമെല്ലാം എയര്‍ ഇന്ത്യയെ വലിയതോതില്‍ ബാധിച്ചു. ടാറ്റ ഗ്രൂപ്പും സിംഗപ്പുര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് എയര്‍ ഇന്ത്യയെ ഏറ്റെടുത്തശേഷമുള്ള ഏറ്റവും വലിയ നഷ്ടക്കണക്കാകുമിത്. ഈ സാമ്പത്തികവര്‍ഷം പ്രവര്‍ത്തനലാഭത്തിലേക്ക് എത്തുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. അപ്രതീക്ഷിത സംഭവങ്ങള്‍ പിടിച്ചുകുലുക്കിയതാണ് പ്രതീക്ഷകള്‍ തകിടം മറിക്കാനിടയാക്കിയത്. സംഘര്‍ഷത്തെത്തുടര്‍ന്ന് പാക്കിസ്ഥാന് വ്യോമപാത അടച്ചത് ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രാദൂരം വര്‍ധിപ്പിച്ചു. യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രാസമയം വര്‍ധിച്ചത് ചെലവ് കുത്തനേ വർധിക്കുന്നതിനിടയാക്കി.
കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് എയര്‍ ഇന്ത്യ നേരിടേണ്ടിവന്ന നഷ്ടം 32,210 കോടി രൂപയാണ്. നഷ്ടം കുമിഞ്ഞുകൂടുന്നത് ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല പങ്കാളികളായ സിംഗപ്പുര്‍ എയര്‍ലൈന്‍സിനെയും ബാധിക്കുന്നുണ്ട്.

