അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ ഭീകരരെ ലക്ഷ്യമിട്ട് സൈന്യം നടത്തിയ വ്യോമാക്രമണം ലക്ഷ്യം തെറ്റി ചന്തയിൽ പതിച്ചു. ശനിയാഴ്ച നടന്ന ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടു. യോബ് സംസ്ഥാനത്തെ ഗില്ലി എന്ന സ്ഥലത്തെ പ്രതിവാര ചന്തയിലാണ് നൈജീരിയൻ വ്യോമസേന തൊടുത്ത മിസൈൽ പതിച്ചത്.ബോർണോ സംസ്ഥാനത്തിന്റെ അതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം മുൻനിർത്തിയായിരുന്നു സൈനിക നടപടി. ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.അതേസമയം, മോട്ടോർ സൈക്കിളുകളിൽ യാത്ര ചെയ്തിരുന്ന ഭീകരരുടെ ഒരു പ്രധാന കേന്ദ്രം വിജയകരമായി തകർത്തുവെന്നാണ് നൈജീരിയൻ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചത്. സാധാരണക്കാർ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈന്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മേഖലയിൽ ഭീകരവിരുദ്ധ പോരാട്ടം ശക്തമായി തുടരുന്നതിനിടയിലാണ് ഇത്തരമൊരു ദുരന്തമുണ്ടായിരിക്കുന്നത്.
നൈജീരിയയിൽ വ്യോമാക്രമണം ലക്ഷ്യം തെറ്റി ചന്തയിൽ പതിച്ചു; നൂറിലധികം പേർ കൊല്ലപ്പെട്ടു

