ഖാർത്തൂം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നോർത്ത് ഡാർഫർ പ്രവിശ്യയിലെ ആശുപത്രിക്ക് നേരെയുണ്ടായ ക്രൂരമായ വ്യോമാക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും രോഗികളും ഗർഭിണികളും കുട്ടികളുമാണെന്ന് പ്രാദേശിക മാധ്യമങ്ങളും ആരോഗ്യ പ്രവർത്തകരും റിപ്പോർട്ട് ചെയ്തു.എൽ ഫാഷർ നഗരത്തിലെ സൗദി മെറ്റേണിറ്റി ഹോസ്പിറ്റലിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുഡാൻ സൈന്യവും പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടയിലാണ് ഈ ദുരന്തം. ആക്രമണത്തിൽ ആശുപത്രി കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകർന്നു. 64 പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായും നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (MSF) സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. യുദ്ധത്തിനിടയിലും സുരക്ഷിത താവളങ്ങളായി കണക്കാക്കേണ്ട ആശുപത്രികൾക്ക് നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ മനുഷ്യത്വരഹിതമാണെന്ന് സംഘടന കുറ്റപ്പെടുത്തി.
സുഡാനിൽ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; 64 പേർ കൊല്ലപ്പെട്ടു

