തിരുവനന്തപുരത്ത് അജിത് ഡോവലിന്റെ ‘രഹസ്യ ഓപ്പറേഷൻ’

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അതീവ രഹസ്യമായി തിരുവനന്തപുരത്ത് എത്തി മടങ്ങിയ വാർത്തകൾക്ക് പിന്നാലെ, അദ്ദേഹം നഗരത്തിലെ ഒരു ബേക്കറി സന്ദർശിച്ച ദൃശ്യങ്ങളും പുറത്തുവന്നു. കിഴക്കേകോട്ട പഴവങ്ങാടിയിലെ പ്രശസ്തമായ ‘മഹാ ചിപ്‌സ്’ എന്ന കടയിലാണ് മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സാധാരണക്കാരനെപ്പോലെ ഡോവൽ എത്തിയത്. രാവിലെ എട്ടു മണിയോടെ കടയിലെത്തിയ അദ്ദേഹം ചിപ്‌സ് വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു. അദ്ദേഹം പോയതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വന്നത് രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന് കടയിലെ ജീവനക്കാർ പോലും തിരിച്ചറിഞ്ഞത്.

ജനുവരി 22, 23 തീയതികളിലായിരുന്നു ഡോവലിന്റെ ഈ അപ്രതീക്ഷിത സന്ദർശനം. സംസ്ഥാന ഇന്റലിജൻസ് പോലും അറിയാതിരുന്ന ഈ യാത്രയിൽ തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ (VSSC) ശാസ്ത്രജ്ഞരുമായി അദ്ദേഹം സുപ്രധാന യോഗങ്ങൾ നടത്തി. പിഎസ്എൽവി (PSLV) റോക്കറ്റുകളുടെ തുടർപരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം എത്തിയത്. ശബരിമല സീസൺ ആയതിനാൽ കട നേരത്തെ തുറന്നത് ഡോവലിന് തിരക്കില്ലാതെ സാധനങ്ങൾ വാങ്ങാൻ സൗകര്യമായി. പ്രകാശ് രാജ്, ഓം പുരി തുടങ്ങിയ പ്രമുഖർ മുൻപ് എത്തിയിട്ടുണ്ടെങ്കിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കടയുടമകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *