പയ്യന്നൂർ: വായനയുടെയും എഴുത്തിന്റെയും പുതിയ ലോകം തുറന്നുവെച്ച് ‘അക്ഷരായനം’ സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷിക സമാഗമം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ വെച്ച് നടന്നു. മാർച്ച് 15 ഞായറാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ മലയാള ഭാഷാ പാഠശാല ഡയറക്ടർ ടി.പി. ഭാസ്കരപ്പൊതുവാൾ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയിലെ എഴുത്തുകാരുടെ 83 കവിതകൾ കോർത്തിണക്കി തയ്യാറാക്കിയ ‘അക്ഷരായനം സാഹിത്യപതിപ്പ്’ കവിതാ സമാഹാരത്തിന്റെ പ്രകാശനമായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. കവിയും പ്രഭാഷകനുമായ സി.എം. വിനയചന്ദ്രൻ മാസ്റ്റർ, പ്രശസ്ത നാടൻകലാ ഗവേഷകനും കവിയുമായ ഡോ. ആർ.സി. കരിപ്പത്ത് മാസ്റ്റർക്ക് പുസ്തകം നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.അക്ഷരായനം പ്രവർത്തക സമിതി ചെയർമാൻ മധു നമ്പ്യാർ മാതമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ടി.സി. മഹേഷ് മുക്കുന്ന് സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ഒരു വർഷത്തെ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിജയൻ കീഴാറ്റൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
സമിതി അംഗങ്ങളായ ശ്രീലത മധു പയ്യന്നൂർ, മധു കൊതോളി എന്നിവർ പരിപാടിയിൽ സംസാരിച്ചു. കെ.വി. നാരായണൻ മാസ്റ്റർ കാങ്കോൽ ചടങ്ങിന് ആശംസകൾ നേർന്നു. രാജു കെ.വി. പിലിക്കോട് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.ഉദ്ഘാടന സെഷന് ശേഷം അക്ഷരായനം പ്രവർത്തകർ അണിനിരന്ന കാവ്യസദസ്സും കരോക്കെ ഗാനമേളയും അരങ്ങേറി.

