അലാമിക്കളി (നാടോടികലാരൂപം) അദ്ധ്യായം 2

ചടങ്ങ്

അലാമിക്കളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കുന്നത് മുഹറം ഒന്ന് മുതലാണ്. അന്നെ ദിവസം ഫക്കീര്‍ സാഹിബിന്റെ വീട്ടില്‍ നിന്നും കൈരൂപം പ്രത്യേക പ്രാര്‍ത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പ സ്ഥാനത്ത് എത്തിക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. രോഗശമനത്തിനും ആത്മസാക്ഷാത്കാരത്തിനുമായി നേര്‍ച്ച നേര്‍ന്നവര്‍ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയില്‍ എത്തുന്നു. അലാമി പ്പള്ളിയിലെ കൈരൂപം ദര്‍ശിച്ച് അവര്‍ ഒന്നരപ്പണം വീതം കാണിക്ക വെച്ചിരുന്നു.തീര്‍ത്ഥമായി ഫക്കീറില്‍ നിന്നും നാടയാണു വാങ്ങി ച്ചിരുന്നത്.അലാമികള്‍ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട.നാട വാങ്ങുന്നതോടു കൂടിയാണ് അലാമികള്‍ രൂപം കൊള്ളുന്നത്.

മുഹറം പത്തിനാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്.പത്താം നിലാവെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.അലാമികളും വ്രതമനുഷ്ഠിച്ചിരിക്കുന്ന സ്ത്രീകളും അന്നേ ദിവസം അലാമിത്തറയില്‍ എത്തുന്നു.മുന്‍കൂട്ടി തയ്യാറാക്കിയ അഗ്‌നികുണ്ഡം അവിടെ എരിങ്ങുകൊണ്ടിരിക്കും.മുമ്പെത്തെ വര്‍ഷത്തെ അഗ്‌നികുണ്ഡത്തിന്റെ ചാരം ഒരിക്കലും അവിടേനിന്നും നീക്കം ചെയ്യാറില്ല. അഗ്‌നികുണ്ഡത്തില്‍ നിന്നും തീക്കനല്‍ വാരിയെടുത്ത് ഒരു ചെപ്പിനകത്താക്കി ആ ചാരത്തില്‍ നിക്ഷേപിക്കും.അടുത്ത വര്‍ഷം അഗ്‌നികുണ്ഡമൊരുക്കാനുള്ള തീ ഈ ചെപ്പിനുള്ളില്‍ നിന്നുമാണത്രേ എടുക്കാറുള്ളത്. ഫക്കീര്‍ കുടുംബത്തിലെ അവകാശി അഗ്‌നി കുണ്ഡത്തില്‍ നിന്നും കൈനിറയെ കനലുകള്‍ വാരി ഉയര്‍ത്തി പിടിച്ച് ഏറെ നേരം ‘ദുആ’ ഉരയ്ക്കും (പ്രാര്‍ത്ഥന നടത്തും).ശേഷം കനല്‍ കട്ടകള്‍ അവിടെ തന്നെ നിക്ഷേപിക്കുന്നു.അലാമികളും സഹായികളും കൂടി ഈ പ്രാര്‍ത്ഥനയ്ക്കു ശേഷം നിക്ഷേപിച്ച കനല്‍കട്ടകളെ അഗ്‌നികുണ്ഡത്തിലെ കനല്‍കട്ടകളുമായ് ചേര്‍ത്ത് ഏറെ നേരം ഇളക്കുന്നു.തുടര്‍ന്ന് അതില്‍ നിന്നും കനലുകളെടുത്ത് വാരിവിതറി അതില്‍ കിടന്നുരുണ്ട് പ്രദക്ഷനം വെക്കുന്നു.

വ്രതമെടുത്ത സ്ത്രീകള്‍ തലയില്‍ നിറകുടവും ധരിച്ച് അഗ്‌നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും.ഫക്കീര്‍ ഇവരുടെ തലയില്‍ തീ കോരിയിടും.പിന്നീട് മയില്‍പ്പീലി കൊണ്ട് തീക്കട്ടകള്‍ ഉഴിഞ്ഞുമാറ്റും.ചടങ്ങുമായി ബന്ധപ്പെട്ട് ആര്‍ക്കും തന്നെ പൊള്ളലേറ്റ ചരിത്രം ഉണ്ടായിട്ടില്ല. നേരം പുലരും വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കും.പുലര്‍ച്ചയ്ക്കു ശേഷം ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുകയായി.ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങള്‍ എഴുന്നെള്ളിച്ചുകൊണ്ട് അടുത്തുള്ള അരയിപ്പുഴയില്‍ പോയി കുളിച്ച് ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും വെള്ളിക്കരം ഫക്കീര്‍പുരയില്‍ കൊണ്ടു വന്നശേഷം എല്ലാവരും പിരിയുന്നു

ശ്രിജിത്ത് നാരായണന്‍

Leave a Reply

Your email address will not be published. Required fields are marked *