കോട്ടയം: പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സ്മരണാർത്ഥം നീണ്ടൂരിൽ സാംസ്കാരിക നിലയം സ്ഥാപിക്കുന്നു. സ്മാരക നിർമ്മാണത്തിനായി സാംസ്കാരിക വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നീണ്ടൂർ പബ്ലിക് ലൈബ്രറിയിലാണ് സാംസ്കാരിക നിലയം ഉയരുക.
ഉത്കൃഷ്ടരായ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സ്മാരകങ്ങൾക്കുള്ള ധനസഹായം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ആലപ്പി രംഗനാഥ് ദീർഘകാലം താമസിച്ചിരുന്ന നീണ്ടൂരിൽ തന്നെ അദ്ദേഹത്തിന് സ്മാരകം ഉയരുന്നത് കലാകേരളത്തിന് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.
മലയാള സംഗീത ലോകത്തെ വിസ്മയം സിനിമ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നീ മേഖലകളിലായി മലയാളത്തിലും തമിഴിലുമായി ആയിരത്തിയഞ്ഞൂറിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭയായിരുന്നു ആലപ്പി രംഗനാഥ്. രചനയിലും സംഗീത സംവിധാനത്തിലും ഒരുപോലെ പ്രാവീണ്യം തെളിയിച്ച അദ്ദേഹത്തെ ഹരിവരാസനം പുരസ്കാരം, സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. മികച്ചൊരു നൃത്തനാടക രചയിതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
സ്മാരകം യാഥാർത്ഥ്യമാകുന്നതോടെ അദ്ദേഹത്തിന്റെ കലാജീവിതത്തെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും പ്രാദേശികമായ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഈ കേന്ദ്രം വേദിയാകും

