തിരുവനന്തപുരം: കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അവയവദാന രംഗത്ത് കേരളസമൂഹത്തിന് വലിയൊരു മാതൃകയാണ് ആലിന്റെ മാതാപിതാക്കൾ സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വേദനയ്ക്കിടയിലും മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ തീരുമാനം ഏറെ പ്രശംസനീയമാണ്. ആലിന്റെയും കുടുംബത്തിന്റെയും ഈ നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അവയവദാനത്തിലൂടെ മറ്റൊരാൾക്ക് ജീവൻ നൽകുന്ന മഹത്തായ സന്ദേശമാണ് ഈ മാതാപിതാക്കൾ നൽകിയിരിക്കുന്നത്.
അവയവദാന രംഗത്തെ ഈ വലിയ മാതൃക കണക്കിലെടുത്ത്, ആലിൻ ഷെറിനെ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നാട് യാത്രയാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഞ്ചുകുഞ്ഞിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

