മരണം തോറ്റുപോകുന്ന സ്‌നേഹം; ഓര്‍മ്മകളില്‍ മാലാഖയായ ആലിന്‍ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മല്ലപ്പള്ളി: അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി യാത്രയായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് നാട് കണ്ണീരോടെ വിടചൊല്ലി. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടന്ന സംസ്കാര ചടങ്ങുകളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകി കുഞ്ഞുമാലാഖയെ ആദരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന വലിയ മാതൃക സൃഷ്ടിച്ചതിനാണ് സർക്കാരിന്റെ ഈ സവിശേഷ ആദരം.

മരണാനന്തര അവയവദാനത്തിലൂടെ കേരളത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച ആലിന്റെ മൃതദേഹത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി പത്തനംതിട്ട ജില്ലാ കളക്ടർ പുഷ്പചക്രം അർപ്പിച്ചു. പോലീസ് സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകുകയും ബിഗിൽ മുഴക്കി ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. മസ്തിഷ്ക മരണം സംഭവിച്ച ഏക മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും തീരുമാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 5-നുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിന് 13-നാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ കരൾ സ്വീകരിച്ചത് ആറുമാസം പ്രായമുള്ള കുഞ്ഞാണ്. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന സംസ്കാര ചടങ്ങുകളിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *