വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് നടക്കുന്ന കൊട്ടിക്കലാശം ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും വിതരണ കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം സുഗമമാക്കാനുള്ള ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും കളക്ടര്‍മാര്‍ പറഞ്ഞു.പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം,കുടിവെള്ളം,ക്യൂ നില്‍ക്കുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം.ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും പോളിങ് സ്റ്റേഷനില്‍ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
പോളിംഗ് സ്റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നും,വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെണ്ണല്‍ ദിവസവും ആവശ്യാനുസരണം അവധി അനുവദിക്കാന്‍ കമ്മീഷണര്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്തേയ്ക്കും,വോട്ടെണ്ണല്‍ ദിവസവും സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കിയെന്നുറപ്പാക്കണം.ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.
പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുള്ള പോളിങ് സ്റ്റേഷനുകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം.മലയോര ജില്ലകളില്‍ വന്യജീവി സംഘര്‍ഷമുള്ള പ്രദേശങ്ങളിലെ പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്ക് സുരക്ഷിതമായി എത്തിച്ചേരാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും വനംവകുപ്പില്‍ നിന്നും ആവശ്യമായ സഹായം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുകയും വേണമെന്ന് കമ്മീഷണര്‍ പറഞ്ഞു.
പ്രത്യേകം പ്രത്യേകമായി വിളിച്ചു ചേര്‍ത്ത തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും ചെലവ് നിരീക്ഷകരുടെയും ഓണ്‍ലൈന്‍ യോഗങ്ങളിലും ജില്ലകളിലെ വോട്ടെടുപ്പിനു തൊട്ടുമുന്‍പുള്ള സ്ഥിതിവിശേഷം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അവലോകനം ചെയ്തു.

