സ്വർഗ്ഗത്തിലേക്ക് മടങ്ങിയ മാലാഖ;അഞ്ച് ജീവിതങ്ങളിൽ പ്രകാശമായി ആലിൻ എന്ന കുഞ്ഞുനക്ഷത്രം

പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞുമാലാഖ ഇനി അഞ്ച് പേരുടെ ശ്വാസമായി, പ്രകാശമായി നമ്മുക്കിടയിൽ ജീവിക്കും. ഒരു ആയുസ്സിന്റെ മുഴുവൻ സ്നേഹവും പത്തുമാസത്തെ കുഞ്ഞുചിരിയിൽ ഒതുക്കി അവൾ യാത്രയാകുമ്പോൾ, കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവായി ആലിൻ മാറി. ഒരു നാടിന്റെയാകെ പ്രാർത്ഥനകൾ വിഫലമാക്കി വിധി ആ ജീവനെ കവർന്നെങ്കിലും, അവളുടെ മാതാപിതാക്കൾ എടുത്ത ആ വലിയ തീരുമാനം മരണത്തെപ്പോലും തോൽപ്പിക്കുന്ന സ്നേഹത്തിന്റെ ഉന്നതമായ അടയാളമാണ്.

കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് എം.സി റോഡിലുണ്ടായ ആ ദാരുണമായ അപകടം ഒരു കുടുംബത്തിന്റെയാകെ സ്വപ്നങ്ങളെയാണ് തകർത്തുകളഞ്ഞത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിനും ഷെറിൻ ആൻ ജോണിനും തങ്ങളുടെ ഏക മകൾ ആലിൻ വെറുമൊരു കുഞ്ഞായിരുന്നില്ല, അവരുടെ ലോകമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ ആശുപത്രിയിൽ മരണത്തോട് പൊരുതിയ ആ കുഞ്ഞുജീവന് മുന്നിൽ വൈദ്യശാസ്ത്രം തോറ്റുപോയി. ഫെബ്രുവരി 13-ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചപ്പോൾ, തങ്ങളുടെ നെഞ്ചുപൊട്ടുന്ന വേദനയ്ക്കിടയിലും മറ്റൊരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ആ മാതാപിതാക്കൾ തയ്യാറായി.

“ഞങ്ങളുടെ മകൾ ഇനി മറ്റൊരാളിലൂടെ ശ്വസിക്കട്ടെ…” എന്ന് വിതുമ്പലോടെ അവർ പറഞ്ഞപ്പോൾ, ലോകം ആ മഹാത്യാഗത്തിന് മുന്നിൽ ശിരസ്സ് നമിച്ചു. ആലിന്റെ തിരുശേഷിപ്പുകൾ വഹിച്ചുകൊണ്ട് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആംബുലൻസ് പാഞ്ഞത് അഞ്ച് ജീവിതങ്ങളിലേക്കുള്ള പ്രതീക്ഷയുമായാണ്. പത്തുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞുമാലാഖയുടെ കരൾ സ്വീകരിക്കുന്നത് തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന ആറുമാസം മാത്രം പ്രായമുള്ള മറ്റൊരു പെൺകുഞ്ഞാണ്. തന്റെ കരൾ പകുത്തുനൽകി മറ്റൊരു കുഞ്ഞിന് ജീവിതം തിരികെ നൽകിയ ആലിൻ, കേരളത്തിൽ മരണാനന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിനൊപ്പം ചരിത്രത്തിന്റെ ഭാഗമായി.

ആലിന്റെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ പത്തുവയസ്സുകാരിക്ക് പുതുജീവൻ നൽകും. ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും, ആ കുഞ്ഞു കണ്ണുകളിലെ കാഴ്ച അമൃത ആശുപത്രിയിലെ രണ്ടുപേർക്കുമായി നൽകി. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട നൊമ്പരത്തിനിടയിലും മറ്റൊരമ്മയുടെ കണ്ണീരൊപ്പാൻ തീരുമാനിച്ച അരുണിന്റെയും ഷെറിന്റെയും മനസ്സിന് മുന്നിൽ വാക്കുകൾ നിശബ്ദമാകുന്നു.

ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖയ്ക്ക് മരണമില്ല. അവൾ അഞ്ച് പേരിലൂടെ ഇന്നും പുഞ്ചിരിക്കുന്നു. ഭൂമിയിലെ തന്റെ ചുരുങ്ങിയ നാളുകൾ കൊണ്ട് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വലിയൊരു കടൽ ബാക്കിവെച്ചാണ് അവൾ മടങ്ങിയത്. ആ കുഞ്ഞുചിരി അഞ്ച് കുടുംബങ്ങളിൽ എന്നും പ്രകാശമായി നിലനിൽക്കും.

തയ്യാറാക്കിയത് :വെബ്‌ഡെസ്‌ക്‌

Leave a Reply

Your email address will not be published. Required fields are marked *